സുധാകരനെ മാറ്റാൻ കൂട്ടായ്മ ; തുറന്നടിച്ച് പി സി വിഷ്ണുനാഥ്

തിരുവനന്തപുരം : പ്രസിഡന്റ് ഉൾപ്പെടെ കെപിസിസി ഭാരവാഹികളെ മാറ്റുന്നത് ഉടൻ തീരുമാനിച്ചില്ലെങ്കിൽ തിരിച്ചടി കിട്ടുമെന്ന പി സി വിഷ്ണുനാഥിന്റെ തുറന്നുപറച്ചിൽ കെ സുധാകരൻ വിരുദ്ധ കൂട്ടായ്മയ്ക്കുവേണ്ടി. പഴയ എ ഗ്രൂപ്പ് വക്താവുകൂടിയായ വിഷ്ണുനാഥ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ സുധാകരൻ വിരുദ്ധചേരിയുടെ ആവശ്യമാണ് ഉയർത്തിയത്. പരസ്യപ്രതികരണം വിലക്കിയ സാഹചര്യത്തിലാണ് യുഡിഎഫ് പത്രത്തിന്റെ ഓൺലൈൻവഴി വിഷ്ണുനാഥ് ഈ ആവശ്യം പരസ്യമാക്കിയത്.
എഐസിസി സെക്രട്ടറികൂടിയായ അദ്ദേഹം ഹൈക്കമാൻഡ് ഇടപെടൽ അത്യാവശ്യമാണെന്നും പറയുന്നു.സംഘടനാപരമായി തകർന്നതും പാർടിയുടെപേരിൽ സമാഹരിക്കുന്ന ഫണ്ട് വെട്ടിക്കുന്നതും വ്യാപകമാണെന്നതടക്കമുള്ള പരാതികളാണ് സുധാകരനെതിരെ ഉയരുന്നത്. കോഴിക്കോട് ലീഡർ സ്മാരകത്തിന്റെ പേരിൽ സുധാകരന്റെ ഉറ്റ അനുയായിയുടെ നേതൃത്വത്തിൽ വൻതോതിൽ പണംപിരിച്ച് മുക്കിയെന്ന പരാതിയുമുണ്ട്.
കെ മുരളീധരനും രമേശ് ചെന്നിത്തലയും ശശി തരൂരും സുധാകരനെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും മാറണമെന്ന നിലപാടുള്ള വി ഡി സതീശൻ സംഘത്തിനാണ് ഭൂരിപക്ഷം. ഇവരും പഴയ എ ഗ്രൂപ്പും പ്രസിഡന്റ് സ്ഥാനം ലാക്കാക്കുന്ന ചില എംഎൽഎമാരും അടക്കം സമ്പൂർണ അഴിച്ചുപണിക്കായുള്ള കഠിന പ്രയത്നത്തിലാണ്. എട്ട് പിസിസികളിൽ കൂട്ടത്തോടെ പുനഃസംഘടിപ്പിച്ച പശ്ചാത്തലംകൂടി ചൂണ്ടിക്കാട്ടിയാണ് ഇവരുടെ നീക്കം.









0 comments