ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ഇന്ന്

യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ലബനനിൽ എത്തിയ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തെ ബെയ്റൂട്ട് മെത്രാപോലീത്ത മാർ ഡാനിയേൽ ക്ലീമിസ്, ആയുബ് മാർ സിൽവാനിയോസ് എന്നിവർ സ്വീകരിച്ചപ്പോൾ
കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ചൊവ്വാഴ്‌ച നടക്കും. ലബനനിലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് സ്ഥാനാരോഹണ ചടങ്ങ്. ചടങ്ങുകളിൽ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാർമികനാകും. സുറിയാനി ഓർത്തഡോക്സ് സഭാ മെത്രാപോലീത്തമാർ സഹകാർമികരാകും.
മലങ്കര കത്തോലിക്ക സഭാ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, അന്ത്യോഖ്യൻ സിറിയൻ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവ, മാർത്തോമ സഭയുടെ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത എന്നിവരും ലബനനിൽ എത്തി.
വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാരിന്റെ ഏഴംഗ ഔദ്യോഗിക പ്രതിനിധിസംഘവും ചടങ്ങുകൾക്ക് സാക്ഷിയാകും. എംഎൽഎമാരായ പി വി ശ്രീനിജിൻ, ഇ ടി ടൈസൺ, ജോബ് മൈക്കിൾ, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവരാണ് സംഘത്തിലുള്ളത്. ബെയ്റൂട്ട് മെത്രാപോലീത്ത മാർ ഡാനിയേൽ ക്ലീമിസ്, ആയുബ് മാർ സിൽവാനിയോസ് എന്നിവർ പ്രതിനിധിസംഘത്തെ സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
30ന് കേരളത്തിൽ വരവേൽപ്പ്
കാതോലിക്കാ ബാവയായി സ്ഥാനമേറ്റശേഷം 30ന് കേരളത്തിലെത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകും. പകൽ 2.15നാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തുക. അവിടെനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. അവിടെ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ പ്രാർഥന നടത്തും. തുടർന്ന് മലങ്കരയിലെ സുറിയാനി സഭാ മെത്രാപോലീത്തമാരുടെ കാർമികത്വത്തിൽ സ്ഥാനാരോഹണശുശ്രൂഷ (സുന്ത്രോണീസോ) നടക്കും. വൈകിട്ട് 4.30ന് ബസേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. വിവിധ മതമേലധ്യക്ഷന്മാർ പങ്കെടുക്കും.
കർമശേഷികൊണ്ട് ശ്രദ്ധേയൻ
അതുല്യ കർമശേഷിയും വേദശാസ്ത്രത്തിലെ വൈഭവവും സമന്വയത്തിന്റെ ശൈലിയുംകൊണ്ട് സർവസമ്മതനാണ് യാക്കോബായ സഭയുടെ നിയുക്ത കാതോലിക്കാ ബാവ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്. ജീവകാരുണ്യപ്രവർത്തനത്തിലും സജീവസാന്നിധ്യം. മൂന്നുപതിറ്റാണ്ടായി കൊച്ചി ഭദ്രാസന മെത്രാപോലീത്തയുടെ ചുമതലവഹിക്കുന്ന അദ്ദേഹം, 18 വർഷമായി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും എക്യുമെനിക്കൽ വേദികളിൽ സഭയുടെ പ്രതിനിധിയുമാണ്. ഗൾഫ്, യൂറോപ്യൻ ഭദ്രാസനങ്ങളുടെയും തെക്കൻ ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതലകൾ വഹിച്ചിട്ടുണ്ട്. അഖിലമലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ്, മഞ്ഞിനിക്കര തീർഥയാത്രാസംഘം പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചു.
1994 ജനുവരി 16ന് മാർ ഗ്രിഗോറിയോസ് എന്ന പേരിൽ മെത്രാപോലീത്തയായി. 2019 ആഗസ്ത് 28ന് സഭാ മെത്രാപോലീത്തൻ ട്രസ്റ്റിയായി. തുടർന്ന് ഫെബ്രുവരിയിൽ മലങ്കര മെത്രാപോലീത്തയുടെ ചുമതല ഏറ്റെടുത്തു. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ അനാരോഗ്യത്തെ തുടർന്ന് പാത്രിയർക്കീസ് ബാവ കാതോലിക്കോസ് അസിസ്റ്റന്റായി നിയമിച്ചു.
പ്രളയകാലത്ത് ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. 2018, 2019 വർഷങ്ങളിൽ പ്രളയബാധിതർക്കായി സംസ്ഥാന സർക്കാരുമായി ചേർന്ന് ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോവിഡ് കാലത്തും നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ചു. ഇദ്ദേഹം സ്ഥാപിച്ച താബോർ ഹൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മെട്രോപൊളിറ്റൻ പുവർ റിലീഫിന്റെയും ആഭിമുഖ്യത്തിൽ നിരവധി സാധുജനസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
1960 നവംബർ പത്തിന് മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസ്–-സാറാമ്മ ദമ്പതികളുടെ മകനായാണ് ജനനം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അയർലൻഡിൽനിന്ന് വേദശാസ്‌ത്രബിരുദവും യുഎസിൽനിന്ന് ക്ലിനിക്കൽ പാസ്‌റ്ററൽ ആൻഡ് കൗൺസിലിങ് ഡിപ്ലോമയും നേടി.









0 comments