പ്രതിപക്ഷ നേതാവിന്റെ ഗുരുജയന്തി ബഹിഷ്‌കരണവും മുക്കി മാധ്യമങ്ങൾ

 V D SATHEESAN
avatar
സ്വന്തം ലേഖകൻ

Published on Sep 09, 2025, 12:01 AM | 1 min read

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടി ബഹിഷ്‌കരിച്ച വാർത്ത മുക്കി മാധ്യമങ്ങൾ. ഗുരുജയന്തി ദിനത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ദാർശനിക സമ്മേളന ഉദ്‌ഘാടനമാണ്‌ ബഹിഷ്‌കരിച്ചത്‌. പരിപാടിയുടെ തലേദിവസം വൈകിട്ടാണ്‌ ഉദ്‌ഘാടനത്തിന്‌ എത്തില്ലെന്ന്‌ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽനിന്ന്‌ അറിയിച്ചത്‌.


ആരോഗ്യകാരണങ്ങളാൽ എത്താൻ കഴിയില്ലെന്നായിരുന്നു അറിയിപ്പ്‌. എന്നാൽ, ഇ‍ൗ ദിവസം എറണാകുളത്ത്‌ വിവിധ പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും സതീശൻ പങ്കെടുത്തിരുന്നു. പരിപാടിയിൽനിന്ന്‌ വിട്ടുനിന്നത്‌ ശരിയായില്ലെന്ന്‌ ധർമ്മസംഘം ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. പരസ്യമായി പ്രതിഷേധം അറിയിച്ചിട്ടും മനോരമയും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയില്ല.

ചതയദിനത്തിലെ പൊതുസമ്മേളനം മുഖ്യമന്ത്രിയും ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവും ഉദ്‌ഘാടനം ചെയ്യുന്നത്‌ വർഷങ്ങളായുള്ള പതിവാണ്‌. ഇതനുസരിച്ചാണ്‌ പരിപാടിക്ക്‌ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്‌. എന്നാൽ, അവസാന മണിക്കൂറുകളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന്‌ അറിയിക്കുകയായിരുന്നു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ എ എ റഹീം എംപി ദാർശനിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും എസ്‌എൻഡിപിയുമായുള്ള രാഷ്ട്രീയ വിയോജിപ്പാണ്‌ പരിപാടി ബഹിഷ്‌കരിക്കാൻ കാരണമെന്നാണ്‌ വിവരം. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയും പ്രതിപക്ഷ നേതാവ്‌ രംഗത്തുവന്നിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളും എസ്‌എൻഡിപി, എൻഎസ്‌എസ്‌ അടക്കമുള്ള സംഘടനകളും അയ്യപ്പ സംഗമത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ചതയദിന പരിപാടി പ്രതിപക്ഷ നേതാവ്‌ ബഹിഷ്‌കരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home