ഓപ്പറേഷൻ മെലോൺ: ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപ്പനശൃംഖല തകർത്ത്‌ എൻസിബി

DARK WEB
വെബ് ഡെസ്ക്

Published on Jul 01, 2025, 10:46 PM | 1 min read

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപ്പനശൃംഖല തകർത്ത്‌ നാർക്കോട്ടിക്‌ കൺട്രോൺ ബ്യൂറോ (എൻസിബി). കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി എഡിസണെ എൻസിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തു. ‘കെറ്റാമെലോൺ' എന്നപേരിൽ പ്രവർത്തിച്ചിരുന്ന ഡാർക്ക്‌നെറ്റ്‌ ശൃംഖലയെ ഓപ്പറേഷൻ മെലോണിലൂടെ വിദ​ഗ്ധമായി പിടികൂടുകയായിരുന്നു.


ആഗോള ഡാർക്ക്നെറ്റ് വെണ്ടർ റാങ്കിംഗിൽ ഉയർന്ന സ്ഥാനത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരേയൊരു ലെവൽ 4 ഡാർക്ക്നെറ്റ് വെബാണ് കെറ്റാമെലോൺ. എഡിസന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1127 എൽഎസ്‌ഡി സ്‌റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു. ഇതിന്‌ 35.12 ലക്ഷം രൂപ മൂല്യംവരും. 70 ലക്ഷം രൂപയ്‌ക്കു തുല്യമായ ക്രിപ്‌റ്റോ കറൻസിയും പിടിച്ചു. ഇയാളുടെ കൂട്ടാളിയെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌.


രണ്ട് വർഷമായി എഡിസൺ ഡാർക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നതായാണ് വിവരം. മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന പെൻഡ്രൈവ്‌, ഹാർഡ്‌ ഡിസ്‌ക്‌ ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസങ്ങളായി ഇയാൾ നാർക്കോട്ടിക് കൺട്രോൺ ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു.


ബെംഗളൂരു, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും ഇവര്‍ എൽഎസ്ഡി കയറ്റി അയച്ചിട്ടുണ്ട്. കഴിഞ്ഞ 14 മാസത്തിനുള്ളിൽ 600-ലധികം ഷിപ്പ്മെന്റുകൾ വിതരണം ചെയ്തതായി എൻസിബി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home