ചട്ടവിരുദ്ധമായി ഭൂമി തരംമാറ്റുന്നു; ഓഫീസുകളില്‍ വിജിലൻസ് മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ചട്ടവിരുദ്ധമായി നെൽവയലുകളും തണ്ണീർത്തടങ്ങളും ഡാറ്റാബാങ്കിൽനിന്നും ഒഴിവാക്കി നൽകുന്നുണ്ടെന്ന പരാതികളിൽ വ്യാപക പരിശോധയുമായി വിജിലൻസ്. ഓപ്പറേഷൻ ഹരിത കവചം എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തുന്നത്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസിൻ്റെ നിർദേശപ്രകാരമാണ് പരിശോധന. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും , തരംമാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കളക്ടർമാരുടെ ഓഫീസുകളിലുമായി ആകെ 69 ഓഫീസുകളിൽ വെള്ളി രാവിലെ മുതൽ മിന്നൽ പരിശോധന നടത്തി.
കേരള നെൽ വയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻഡസ് കണ്ടെത്തി. അപേക്ഷകരിൽനിന്നും നേരിട്ടും ഏജൻ്റുമാർ വഴിയും ചില ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റി ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നു. ചില ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി ഭൂമി തരംമാറ്റുന്നതിനായി അനുകൂല റിപ്പോർട്ടുകൾ നൽകി വരുന്നതായും വിജിലൻസിന് വിവരം ലഭിച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കാം.









0 comments