print edition ഓപ്പറേഷൻ സൈ ഹണ്ട് ; കൊച്ചിയിൽ കണ്ടെത്തിയത് 300 വാടക അക്കൗണ്ടുകൾ

കൊച്ചി
സൈബർ തട്ടിപ്പുകാരെ പിടികൂടാൻ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ സൈ ഹണ്ട്’ നടപടിയിലൂടെ കൊച്ചിയിൽ കണ്ടെത്തിയത് 300 വാടക അക്കൗണ്ട്. തട്ടിപ്പുപണം എത്തുന്നത് കൂടുതലും വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കാണെന്നും കൊച്ചി സിറ്റി പൊലീസ് കണ്ടെത്തി. അറസ്‌റ്റിലായവർ വിദ്യാർഥികളാണെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ഏലൂര്‍ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അല്‍ത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പുപണം പിന്‍വലിക്കുന്നതിനിടെ ഏലൂരില്‍നിന്നാണ് അഭിഷേകിനെ പിടികൂടിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മറ്റൊരു കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ചോദ്യംചെയ്തപ്പോഴാണ് ഹാഫിസ്, അൽത്താഫ് എന്നിവരെപ്പറ്റി വിവരം ലഭിച്ചത്. മരടില്‍ മഹാരാഷ്ട്ര ബാങ്കിന്റെ ബ്രാഞ്ചില്‍നിന്ന് പണം പിന്‍വലിക്കുന്പോഴാണ് പിടികൂടിയത്. പിടിയിലാകുമ്പോള്‍ ആറുലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
മുഖ്യകണ്ണി പെരുമ്പാവൂർ സ്വദേശി
അറസ്‌റ്റിലായ വിദ്യാർഥികളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാനപ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടനുണ്ടാകും. ഇയാള്‍വഴി ദിവസം 25 ലക്ഷം രൂപവരെയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന പ്രതികള്‍ അക്കൗണ്ടിലെത്തുന്ന പണം പിന്‍വലിച്ച് തട്ടിപ്പുസംഘത്തിന് കൈമാറും. ഇതുവഴി പതിനായിരങ്ങൾ കമീഷന്‍ ലഭിക്കും.
സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലൂടെ പണം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റുണ്ടാകുമെന്ന് കമീഷണർ പറഞ്ഞു. ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്തത് 382 കേസുകളാണ്. 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ കേന്ദ്രീകരിച്ച് മൂന്നുമാസംകൊണ്ട് നടത്തിയ അന്വേഷണത്തിൽ 263 പേർ അറസ്‌റ്റിലായി. 125 പേർക്ക് നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചു.









0 comments