തട്ടിപ്പ് നടത്തിയത് ‘കാപിറ്റലിക്സ്’ വഴി
26 കോടിയുടെ സൈബർ തട്ടിപ്പ് ; യുവതി അറസ്‌റ്റിൽ

കൊച്ചി
ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 26 കോടി രൂപ തട്ടിയെടുത്ത കേസിൽ ആദ്യ അറസ്‌റ്റ്. കൊല്ലം സ്വദേശിനി ജി സുജിതയെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
തട്ടിയെടുത്ത തുകയിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ ഇവരുടെ അക്കൗണ്ടിൽ വന്നതായി കണ്ടെത്തി. ഇൗ തുക വിദേശത്തുള്ള മറ്റൊരു അക്കൗണ്ടിലേക്ക് സുജിതയുടെ സഹായത്തോടെ കടത്തുകയായിരുന്നു. ഇതിന് കമീഷൻ പറ്റിയിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും സൈബർ ക്രൈം പൊലീസ് പറഞ്ഞു.
ചൊവ്വാഴ്‌ച ഇവരെ ചോദ്യംചെയ്‌തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്‌റ്റ്. റിമാൻഡ് ചെയ്‌ത ഇവരെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ബന്ധമുള്ള മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്‌റ്റുണ്ടായേക്കും.
ഓഹരിവിപണിയിൽ സജീവമായി ഇടപെട്ടിരുന്ന നാൽപ്പത്തൊന്നുകാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്‌ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾവഴി 2023 മെയ് മുതൽ 2025 ആഗസ്‌ത് 29 വരെ പലതവണയായി തുക കൈമാറി. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ലാഭവിഹിതമായി ലഭിച്ചു.
വിശ്വാസമായതോടെ 25 കോടി രൂപയോളം വീണ്ടും നിക്ഷേപിച്ചു. ലാഭവിഹിതവും നിക്ഷേപവും തിരികെലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായത് പൊലീസിൽ അറിയിച്ചത്.
രാജ്യത്ത് ഓൺലൈൻ സൈബർ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളിൽനിന്ന് തട്ടിയെടുത്ത ഏറ്റവും വലിയ തുകയാണിത്. കൊച്ചി സിറ്റി സൈബർ സെൽ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
തട്ടിപ്പ് നടത്തിയത് ‘കാപിറ്റലിക്സ്’ വഴി
ടെലിഗ്രാംവഴി ‘കാപിറ്റലിക്സ്’ എന്ന വ്യാജ ട്രേഡിങ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. ഇന്ത്യയിൽത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമറിഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. വാട്‌സാപ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാംവഴിയും സമ്പർക്കം പുലർത്തി.
തട്ടിപ്പ് ആസൂത്രണം ചെയ്‌തത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസ് നിഗമനം. കലിഫോര്‍ണിയയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇടപാടുകാരെ സമീപിക്കുന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണെന്നാണ് സൂചന. തട്ടിപ്പുസംഘത്തില്‍ ഒന്നിലേറെ മലയാളികളുണ്ടെന്നും സംശയിക്കുന്നുണ്ട്. തട്ടിപ്പ് നടത്തിയ ‘കാപിറ്റലിക്സ്’ എന്ന സ്ഥാപനത്തിനെതിരെ മറ്റു സംസ്ഥാനങ്ങളിലും പരാതിയുണ്ട്.









0 comments