print edition ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 25 കോടി തട്ടിയ കേസിൽ 3 പ്രധാന പ്രതികൾ പിടിയിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളായ മൂന്ന് കോഴിക്കോട് സ്വദേശികൾ അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി പറമ്പത്തെക്കുളങ്ങര പി കെ റഹീസ് (39), ആരക്കൂർ തോളാമുത്തംപറമ്പ് വളപ്പിൽ വി അൻസാർ (39), പന്തീരാങ്കാവ് നരിക്കുന്നിമേതേൽ സി കെ അനീസ് റഹ്‌മാൻ (25) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 40 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, 250 സിംകാർഡുകൾ, 40 മൊബൈൽ ഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോട്ടെ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തു.
‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് സംഘം തട്ടിയെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023 മാർച്ച് 15 മുതൽ ആഗസ്‌ത് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവർ പണം തട്ടിയെടുത്തത്. സെപ്‌തംബർ 16ന് ഇതേകേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി സുജിതയെ (35) അന്വേഷകസംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. സുജിത ഉപയോഗിച്ച സിംകാർഡ് ഇട്ടിരുന്ന ഫോൺ പ്രതികളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. തട്ടിയെടുത്ത പണത്തിൽനിന്ന് 3.4 ലക്ഷം രൂപ പ്രതികൾ കൈവശപ്പെടുത്തിയതായി അന്വേഷകസംഘം കണ്ടെത്തി. തട്ടിയെടുത്ത പണത്തിൽ 40 ലക്ഷം രൂപ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് പിടിച്ചുവച്ചിട്ടുണ്ട്. തട്ടിയെടുത്ത പണത്തിന്റെ 90 ശതമാനവും വിദേശത്തേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. പണം ക്രിപ്‌റ്റോകറൻസിയാക്കിയതായും സംശയിക്കുന്നുണ്ട്.









0 comments