ഓൺലൈൻ ഓഹരി ഇടപാട് : 1.8 കോടി തട്ടിയ 2 യുവാക്കൾ പിടിയിൽ

തൃപ്പൂണിത്തുറ
ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ പേരിൽ തിരുവാങ്കുളം സ്വദേശിയിൽനിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പോത്താനിക്കാട് അടിവാട് പുത്തൻപുരയ്ക്കൽ വീട്ടിൽ ആദിൽ മീരാൻ (23), തൊടുപുഴ കാളിയാർ വണ്ണപ്പുറം കുഴിമണ്ഡപത്തിൽ വീട്ടിൽ മുഹമ്മദ് യാസീൻ (22) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി ഉയർന്ന ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കേസിലെ മൂന്നും നാലും പ്രതികളായ ഇവർ തിരുവാങ്കുളം സ്വദേശിയുടെ പണം തട്ടിയെടുത്തത്. ടെലിഗ്രാം ആപ്പിലൂടെ തിരുവാങ്കുളം സ്വദേശിയെ ബന്ധപ്പെട്ട ഇവർ, 2025 ജനുവരി 25 മുതൽ ജൂലൈ 17 വരെയായി 1.8 കോടി രൂപ വാങ്ങിയെടുത്തു. എന്നാൽ, പറഞ്ഞസമയത്ത് ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ വന്നതോടെ പണം നഷ്ടപ്പെട്ടയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസിലെ ഒന്നാംപ്രതി അനശ്വര ഗോപിനാഥ് എന്ന് പരിചയപ്പെടുത്തിയ യുവതിയും രണ്ടാംപ്രതി ഇവർ തട്ടിപ്പു നടത്താനായി പരിചയപ്പെടുത്തിയ അൻസൊ ഗ്ലോബൽ എന്ന കമ്പനിയുമാണെന്ന് പൊലീസ് പറഞ്ഞു. ഒരുമാസത്തിനുള്ളിൽ ആദിലിന്റെ അക്കൗണ്ടിൽമാത്രം 3.45 കോടി രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. കമീഷന്റെ അടിസ്ഥാനത്തിൽ മ്യൂൾ അക്കൗണ്ടുകൾ (മറ്റുള്ളവരുടെ അക്കൗണ്ടുകൾ) വാങ്ങിയും ഇവർ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയമുണ്ട്. സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ, ഡിസിപി ജുവനപ്പടി മഹേഷ്, എസിപി പി എസ് ഷിജു, ഇൻസ്പെക്ടർ റിജിൻ എം തോമസ്, എസ്ഐ കെ അനില, എസ്‌സിപിഒ വിനോദ് വാസുദേവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments