വ്യാജ ഓൺലൈൻ ട്രേഡിങ് ; ഡോക്ടറുടെ 4.43 കോടി തട്ടിയ മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ
വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്ടറുടെ 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. എറണാകുളം വെസ്റ്റ് വെങ്ങോല അറയ്‌ക്കപ്പടി സ്വദേശി ഇലഞ്ഞിക്കാട്ട് സൈനുൽ ആബിദിൻ(41) ആണ് കണ്ണൂർ സൈബർ പൊലീസിന്റെ പിടിയിലായത്.
വാട്‌സാപ് വഴി ബന്ധപ്പെട്ട്, ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ മികച്ച വരുമാനമുണ്ടാക്കാമെന്ന് വാഗ്‌ദാനം ചെയ്‌താണ് ഡോക്ടറിൽനിന്ന് പണം തട്ടിയത്. കേസിൽ രണ്ടുപേർ നേരത്തേ അറസ്‌റ്റിലായിരുന്നു. പ്രതികൾ ഉൾപ്പെടുന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ ഡോക്ടറെക്കൊണ്ട് അപ്‌സ്‌റ്റോക്‌സ് എന്ന കമ്പനിയുടെ ഷെയർ വാങ്ങുന്നതിന് പണം അയപ്പിക്കുകയായിരുന്നു. വാട്‌സാപ് വഴിയുള്ള നിർദേശങ്ങൾക്കനുസരിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോക്ടർ പണം അയച്ചത്. ഷെയർ വാങ്ങുന്നതിന് പണം നിഷേപിക്കാൻ ഓരോ തവണ നിർദേശിക്കുമ്പേോഴും വ്യാജ ട്രേഡിങ് ആപ്ലിക്കേഷനിൽ വലിയ ലാഭം കാണിച്ചിരുന്നു.
ഡോക്ടർ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, സാങ്കേതിക നടപടികൾക്കായി വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. പണം പിൻവലിക്കാൻ കഴിയാതെവന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. നേരത്തേ ഷെയർ ട്രേഡിങ്ങിൽ ഇടപെട്ടിരുന്ന ഡോക്ടറെ വിശ്വസിപ്പിക്കുന്നതിന് പ്രമുഖ കന്പനികളുടെ പേരാണ് ഇവർ ഉപയോഗിച്ചിരുന്നത്. ചെന്നൈ സ്വദേശിയായ സെന്തിൽകുമാറിന്റെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎംവഴിയും ഓൺലൈൻ ഇടപാടിലൂടെയും കൈകാര്യം ചെയ്തത് കേസിലെ മുഖ്യപ്രതി സൈനുൽ ആബിദിനാണ്.
മറ്റു പ്രതികളായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെ പൊലീസ് ചെന്നൈയിൽവച്ചാണ് അറസ്റ്റുചെയ്തത്. സൈനുൽ ആബിദിനിന്റെപേരിൽ വിശാഖപട്ടണത്തും കണ്ണൂരിലും കേസുണ്ട്. കണ്ണൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്ത് റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സൈബർ സ്‌റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.









0 comments