ഓൺലൈൻ നിക്ഷേപ തട്ടിപ്പ് ; വ്യവസായിക്ക് നഷ്ടമായത് 26 കോടി രൂപ

തിരുവനന്തപുരം
കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായത് 26 കോടി രൂപ. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 മേയ് മുതൽ പല തവണയായാണ് ഇത്രയും തുക നഷ്ടമായത്. കഴിഞ്ഞ മാസം നഷ്ടമായ 15 ലക്ഷത്തോളം രൂപ സൈബർ പൊലീസ് തിരിച്ചുപിടിച്ചു.
രാജ്യത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഓൺലൈൻ സൈബർ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളിൽനിന്ന് നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. മുമ്പ് മഹാരാഷ്ട്രയിലും മംഗളൂരൂവിലും സൈബർ തട്ടിപ്പിലൂടെ 25 കോടിയോളം രൂപ നഷ്ടമായ കേസുകളുണ്ട്. ഓഹരിവിപണിയിൽ സജീവമായി ഇടപെടുന്ന വ്യവസായിയെ ആണ് സൈബർ തട്ടിപ്പ് സംഘം വലിയ ലാഭം വാഗ്ദാനം ചെയ്ത് കുടുക്കിയത്. ടെലഗ്രാം വഴി ബന്ധപ്പെട്ട പ്രതികൾ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്‌ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞിരുന്നു. ആദ്യഘട്ടം രണ്ട് കോടി നിക്ഷേപിച്ചപ്പോൾ നാല് കോടിയോളം രൂപ ലാഭമായി ലഭിച്ചതായും സംഘം വിശ്വസിപ്പിച്ചു. ഇതോടെയാണ് തട്ടിപ്പ് സംഘത്തിന്റ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയത്. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടി തുക അക്കൗണ്ടിൽ ലാഭമായി കാണിച്ചിരുന്നു. എന്നാൽ നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജ ആപ്പാണെന്നു മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു. സൈബർ തട്ടിപ്പിൽ നഷ്ടമായത് ഇത്രയും വലിയ തുകയായതിനാൽ കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയേക്കും. സൈബർ വിദഗ്‌ധരെയും അന്വേഷക സംഘത്തിൽ ഉൾപ്പെടുത്തും.









0 comments