ആശയവിനിമയത്തിന് ഡാർക്ക് വെബ്; സഹായത്തിന് വിദഗ്‌ധർ: ചേർത്തല ഓൺലൈൻ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


സ്വന്തം ലേഖകൻ
Published on Apr 07, 2025, 09:06 AM | 2 min read
ആലപ്പുഴ : തട്ടിപ്പിന് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കോൾ സെന്ററുകൾ, സഹായത്തിന് സങ്കേതികവിദഗ്‌ധർ, സാമ്പത്തിക ഇടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസി, മറയായി ഐടി കമ്പനി. സംസ്ഥാനത്തെ എറ്റവും വലിയ ഓൺലൈൻ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓൺലൈൻ ട്രേഡിങ്ങിൽ അമിതലാഭം വാഗ്‌ദാനംചെയ്‌ത് ചേർത്തലയിലെ ഡോക്‌ടർ ദമ്പതികളിൽനിന്ന് 7.65 കോടി തട്ടിയ കേസിലാണ് രാജ്യാന്തര സാമ്പത്തിക കുറ്റവാളിസംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്.
തയ്‌വാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് രാജ്യവ്യാപകമായി നടന്ന തട്ടിപ്പിന് പിന്നിൽ. കേസിൽ അഹമ്മദാബാദ് പൊലീസ് പിടികൂടിയ തയ്‌വാൻ പൗരൻ ചാങ് ഹു യുന്നിന്റെ സഹോദരൻ കയ് ഇൻ ചാങ്, സംഘത്തിലെ വനിത മിയോ–-മിയോ എന്നിവരാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളെന്നാണ് പൊലീസ് നിഗമനം. രാജ്യം വിട്ടതായാണ് വിവരം. ഇവർക്കായി അന്വേഷണം തുടരും. ആശയവിനിമയത്തിന് ഡാർക്ക് വെബ്ബും പണമിടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസിയും ഉപയോഗിക്കുന്ന സാമ്പത്തിക കുറ്റവാളി സംഘങ്ങൾക്കിടയിൽ സൈമൺ, സെവൻ എന്നീ പേരുകളിലാണ് കയ് ഇൻ ചാങ് അറിയപ്പെട്ടിരുന്നത്. കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയ സങ് മു ചി (42), ഇനിയും പിടികൂടാനുള്ള കയ് ഇൻ ചാങ്, മിയോ–-മിയോ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐടി മേഖലയിൽ സാങ്കേതിക സഹായം നൽകുന്ന ‘ടോക്ക്‌മാൻ ലാബ്‌സ്’ എന്ന സ്ഥാപനത്തെ മറയാക്കിയായിരുന്നു തട്ടിപ്പ്. ഇതിന് ഇവർ രാജ്യത്തെ പല നഗരങ്ങളിലും കസ്‌റ്റമർ കെയറുകൾ തുടങ്ങുകയും ഇന്ത്യക്കാരായ കൂടുതൽ പേരെ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു.
സങ്കേതിക സഹായത്തിന് വിദ്‌ഗധർ
റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ആയിരത്തോളം പേരിൽനിന്നായി കോടികൾ തട്ടിയ സംഘം ഉപയോഗിച്ചത് സാങ്കേതികവിദ്യയിലെ പരിജ്ഞാനം. സംഘത്തിൽ ഉയർന്ന തലങ്ങളിൽ പ്രവർത്തിച്ചിരുന്നവരെല്ലാം കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ ഉന്നതവിദ്യാഭ്യാസം നേടിയവരായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് കേസിലെ 14–--ാം പ്രതി ചാങ് ഹു യുൻ അമേരിക്കയിൽനിന്ന് ഇൻഫർമേഷൻ ടെക്‌നോളജി മാനേജ്‌മെന്റിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനികളിൽ ടെക്‌നിക്കൽ അനലിസ്‌റ്റായി ജോലിചെയ്‌ത പരിചയവും ഇയാൾക്കുണ്ട്. 13–-ാം പ്രതി സങ് മു ചി കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദധാരിയും 12–-ാം പ്രതി സെയ്‌ഫ് ഹൈദർ ഡൽഹി സർവകലാശാലയിൽനിന്ന് ബിടെക് ബിരുദവും നേടിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് ഹാർഡ്‌വെയർ സങ്കേതിക സഹായം ഒരുക്കിയ ഇയാൾക്ക് മുൻകൂർ പ്രതിഫലമായി 13 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറൻസി കൈമാറിയതായാണ് പൊലീസിനോട് പറഞ്ഞത്. മാസം രണ്ടുലക്ഷം രൂപയാണ് ശമ്പളമായി നൽകിയിരുന്നത്.
Highlights : പണമിടപാടുകൾക്ക് ക്രിപ്‌റ്റോ കറൻസിയും









0 comments