ഒരു വർഷം, 1281 കോടി രൂപയുടെ ഓർഡർ; തമിഴ്നാട്ടിലും കെൽട്രോൺ വിജയഗാഥ

തിരുവനന്തപുരം: കെൽട്രോണിന്റെ പ്രവർത്തന മികവ് തമിഴ്‌നാട്ടിലും തുടരുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് തമിഴ്നാടിൽ നിന്ന് മാത്രം കെൽട്രോൺ നേടിയത് 1281 കോടി രൂപയുടെ ഓർഡറുകളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അതിൽ 1000 കോടി രൂപയുടെ ഓർഡറുകൾ നേടിയത് മത്സരാധിഷ്ടിത ടെൻ്ററിൽ പങ്കെടുത്താണെന്നത് കെൽട്രോണിൻ്റെ മേന്മ വർധിപ്പിക്കുന്നും മന്ത്രി കൂട്ടിചേർത്തു.
തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ സ്ഥാപിക്കുന്നതിന് 519 കോടി രൂപയുടെ ഓർഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളിൽ 22931സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിന് 455 കോടി രൂപയുടെ ഓർഡറും തമിഴ്നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറും ലഭിച്ചത് കെൽട്രോൺ പൂർത്തീകരിച്ചുകഴിഞ്ഞു.
2024ൽ ഒഡീഷയിൽ നിന്നും സ്മാർട്ട്ക്‌ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറാണ് തമിഴ്നാട്ടിലെ 1000 കോടിയുടെ ഓർഡർ നേടാൻ സഹായകമായത്. ഈ ഓർഡർ കൃത്യമായി പൂർത്തീകരിച്ചതിനാൽ പുതുതായി 205 കോടി രൂപയുടെ ഓർഡർ നമുക്ക് ലഭിച്ചു. ഈ കരാർ പ്രകാരം 654 ഹൈടെക് ഐടി ലാബുകളും 1016 കംപ്യൂട്ടർ ലാബുകളും 5732 സ്മാർട്ട് ക്ലാസ് റൂമുകളും കെൽട്രോൺ നിർമ്മിച്ചുനൽകും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും കെൽട്രോൺ നിരവധി ഓർഡറുകൾ നേടിയെടുത്തിട്ടുണ്ട്.
പ്രതിരോധ രംഗത്തും കെൽട്രോൺ ഏറ്റവും വിശ്വസ്തരായ പങ്കാളികളായി തുടരുന്നു. ചരിത്രത്തിലാദ്യമായി 1000 കോടി രൂപയുടെ വിറ്റുവരവും കെൽട്രോൺ നേടിയെടുത്തു. കെൽട്രോൺ വീണ്ടും കേരളത്തിൻ്റെ അഭിമാനമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.









0 comments