പലിശയിൽ ഇളവോടെ ഭിന്നശേഷിക്കാരുടെ വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കൽ: മന്ത്രി ആർ ബിന്ദു

bindu
വെബ് ഡെസ്ക്

Published on Mar 28, 2025, 07:38 AM | 1 min read

തിരുവനന്തപുരം : എൻഡിഎഫ്‌ഡിസി പദ്ധതിയിൽ വായ്‍പയെടുത്തിട്ടുള്ള ഭിന്നശേഷിക്കാരിൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് സംസ്ഥാന സർക്കാർ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതിനു പുറമേ പലിശത്തുകയിൽ അമ്പത് ശതമാനം ഇളവനുവദിച്ച് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കാൻ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശവും അനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


എൻഡിഎഫ്‌ഡിസി (നാഷണൽ ദിവ്യാംഗൻ ഫിനാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ) പദ്ധതി പ്രകാരം വിവിധ സ്വയംതൊഴിൽ, വാഹന, ഭവന, വിദ്യാഭ്യാസ വായ്‌പയെടുത്ത ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരും തീവ്ര ഭിന്നശേഷിത്വമുള്ളവരോ ബിപിഎൽ വിഭാഗത്തിൽ പെടുന്നവരോ ആണ്. പ്രളയം, കോവിഡ് മഹാമാരി എന്നിവയിൽ നിരവധി ഗുണഭോക്താക്കളുടെ സംരംഭങ്ങൾക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. പല സ്വയംതൊഴിൽ പദ്ധതികളും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. ഇക്കാരണങ്ങളാൽ ഗുണഭോക്‌താക്കളിൽനിന്നുള്ള തിരിച്ചടവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. വായ്പ കാലാവധിക്ക് അകത്ത് മരണമടയുന്ന ഭിന്നശേഷിക്കാർക്ക് അവരുടെ ലോൺ പൂർണ്ണമായും എഴുതിത്തള്ളുന്ന പദ്ധതി നിലവിൽ ഉണ്ട്. എന്നാൽ വായ്പക്കാലാവധിക്കു ശേഷം മരണമടയുന്ന ഗുണഭോക്താക്കൾക്കും വായ്പക്കാലാവധി പൂർത്തിയായി ദീർഘകാലമായി പലിശ കുടിശ്ശികയായിരിക്കുന്ന ഗുണഭോക്താക്കൾക്കും ആനുകൂല്യം നൽകാൻ നിലവിൽ പദ്ധതികളില്ല. അതിനാലാണ് വായ്പക്കാലാവധി കഴിഞ്ഞ ഗുണഭോക്താക്കളുടെ വായ്പക്കുടിശ്ശികയിൽ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി പലിശത്തുകയിൽ അമ്പതു ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നത് - മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home