ഓണത്തിന് സമ്മാനിക്കാം; കുടുംബശ്രീ ഗിഫ്‌റ്റ് ഹാംപർ

കെ എ നിധിൻ നാഥ്
Published on Jul 11, 2025, 12:15 AM | 1 min read
തൃശൂർ:
ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ഗിഫ്‌റ്റ് ഹാംപറുമായി കുടുംബശ്രീ. രണ്ട് തരം ഹാംപറുകളാണ് ഓണവിപണി ലക്ഷ്യമിട്ട് വിപണിയിലെത്തിക്കുന്നത്. സംസ്ഥാനതലത്തിൽ ഓൺലൈനിലുടെയും സിഡിഎസ് മുഖാന്തരം നേരിട്ടുമാണ് വിൽപ്പന. ‘പോക്കറ്റ്മാർട്ട് ദി കുടുംബശ്രീ സ്‌റ്റോർ’ വഴിയാണ് ഓൺലൈൻ വിൽപ്പന. സിഡിഎസുകൾ വഴിയാണ് നേരിട്ടുള്ള ഓർഡറുകൾ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും.
‘ഓണം കുടുംബശ്രീയോടൊപ്പം’എന്ന ടാഗ് ലൈനോടെയാണ് ഇവ വിപണിയിലെത്തുന്നത്.
കുടുംബശ്രീ സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത എട്ട് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയാണ് പോക്കറ്റ്‌മാർട്ട് വഴിയുള്ള ഗിഫ്റ്റ് ഹാംപർ തയ്യാറാക്കുന്നത്. 5000 എണ്ണമാണ് ആദ്യ ഘട്ടത്തിൽ തയാറാക്കുക. കുടുംബശ്രീയുടെ ബ്രാന്റഡ് ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, കറി പൗഡറുകൾ തുടങ്ങിയവാണ് ഇതിലുണ്ടാകുക. 750 രൂപയാണ് ഇതിന്റെ വില. പോക്കറ്റ്‌മാർട്ട് ജൂലൈ അവസാനത്തോടെ പൂർണസജ്ജമാകും.
സിഡിഎസുകൾ വഴി തയ്യാറാക്കുന്നവയിൽ സംസ്ഥാന തലത്തിൽ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങൾക്കൊപ്പം തദ്ദേശീയമായ കുടുംബശ്രീ സിഡിഎസുകൾ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ കൂടി ചേർത്താണ് ഹാംപർ ഒരുക്കുക.
വില വസ്‌തുകളുടെ മൂല്യം അനുസരിച്ചാണ് നിശ്ചയിക്കുക. ഇത്തരത്തിലുള്ള അര ലക്ഷം ഹാംപറുകളാണ് വിപണയിലെത്തിക്കുക. ഗുണമേന്മ ഉറപ്പാക്കുന്നതിനായി എഫ്‌എസ്‌എസ്‌ഐഎ അനുബന്ധ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സംരംഭകരുടെ ഉൽപ്പന്നങ്ങളാണ് ഉൾപ്പെടുത്തുക.
കുടുംബശ്രീ സംരംഭകർക്ക് ഓണം വിപണിയിൽ നിന്ന് അധികം വരുമാനം നേടാൻ കഴിയുന്ന രീതിയിലാണ് ഗിഫ്‌റ്റ് ഹാംപർ വിപണിയിൽ എത്തിക്കുന്നത്. അംഗങ്ങളുടെ സാമ്പത്തികശാക്തീകരണം എന്ന കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ഇടപെടലായാണ് സർക്കാർ ഇതിനെ കാണുന്നത്.









0 comments