സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ

തിരുവനന്തപുരം
സംസ്ഥാനസർക്കാരിന്റെ സൗജന്യഓണക്കിറ്റ് ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുക. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾനൽകും.
ഒരുകിറ്റ് നൽകാൻ 710 രൂപയോളമാണ് ചെലവ്. ആകെ ചെലവ് 42, 83,36,610 രൂപയാണ്. പഞ്ചസാര (ഒരു കിലോ), വെളിച്ചെണ്ണ (അരലിറ്റർ), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250ഗ്രാം), വൻപയർ (250 ഗ്രാം), കശുവണ്ടി (50 ഗ്രാം), മിൽമ നെയ്യ് (50ഗ്രാം), ചായപ്പൊടി (250 ഗ്രാം), പായസം മിക്‌സ് (200 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), മുളക് പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), മല്ലിപൊടി (100ഗ്രാം), ഉപ്പ് (ഒരു കിലോ), തുണി സഞ്ചി എന്നിവയടങ്ങിയതാണ് കിറ്റ്.
സപ്ലൈകോ ഓണച്ചന്തയ്‌ക്ക് ഇന്ന് തുടക്കം
ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്ര വിപണി ഇടപെടലുമായി സംസ്ഥാനസര്‍ക്കാര്‍. സപ്ലൈകോ ഓണച്ചന്തയ്‌ക്ക് തിങ്കളാഴ്‌ച തുടക്കമാകും. വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. സെപ്‌തംബർ നാലുവരെ ചന്ത പ്രവർത്തിക്കും.
പൊതുവിപണിയെക്കാൾ 35 ശതമാനംവരെ വിലക്കുറവുണ്ടാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മെഗാ ഫെയറുകൾ നടക്കും. 140 നിയമസഭാ മണ്ഡലങ്ങളിൽ 31 മുതൽ സെപ്‌തംബർ നാലുവരെ നീണ്ടുനിൽക്കുന്ന ഫെയറുകളുമുണ്ടാകും. രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എട്ട് കിലോ സബ്‌സിഡി അരിക്കുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ ലഭിക്കും. സബ്സിഡി നിരക്കില്‍ ഒരു കിലോ മുളക് നൽകും.









0 comments