ഓണം ഡ്രൈവ് മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

Onam inspection
വെബ് ഡെസ്ക്

Published on Sep 02, 2025, 11:04 AM | 1 min read

മലപ്പുറം: മലപ്പുറം നഗരസഭാപരിധിയിലെ കാറ്ററിങ് യൂണിറ്റുകളിലും മറ്റു ഭക്ഷണ വില്പന ശാലകളിലും നഗരസഭ പബ്ലിക് ഹെൽത്ത് ആൻഡ് എൻവിയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം ചൊവ്വ പകൽ നടത്തിയ പരിശോധനയിൽ ശുചിത്വ നിലവാരം ഇല്ലാത്തതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതുമായ ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ആരോഗ്യത്തിന് ശുചിത്വ മുള്ള ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്തെ പ്രധാന കാറ്ററിംഗ് യൂണിറ്റുകളിൽ ചൊവ്വ പുലർച്ചെ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ ദേശാഭിമാനിയോടു പറഞ്ഞു.


കോട്ടക്കുന്ന്, കിഴക്കേത്തല, മുണ്ടുപറമ്പ് പ്രദേശങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്. ഭക്ഷണപദാർത്ഥങ്ങൾ ശുചിത്വമില്ലാത്തിടങ്ങളിൽ പ്രാണികളും ജീവികളും എത്തും വിധം തുറന്നു വയ്ക്കുക, പാകം ചെയ്യുന്നതിനുള്ള സാധനസാമഗ്രികൾ സ്റ്റോർ റും സംവിധാനം ഇല്ലാതെ അലക്ഷ്യമായി സൂക്ഷിക്കുക,ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതിരിക്കുക, മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനിടത്തു തന്നെ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുക, മലിനജലം സംസ്‌കരിക്കുന്നതിന് മതിയായ സൗകര്യമില്ലാതിരിക്കുക, ലൈസൻസ് അനുമതിയില്ലാതെ പ്രവർത്തിക്കുക തുടങ്ങിയവയാണ് മുഖ്യമായും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.


ഭക്ഷ്യയോഗ്യമല്ലാത്ത അച്ചാറുകൾ, കറിക്കൂട്ടുകൾ, ഇറച്ചി വിഭവങ്ങൾ എന്നിവയാണ് കാര്യമായും പിടിച്ചെടുത്തത്. ലൈസൻസ് അനുമതിയില്ലാതെ ശുചിത്വനിലവാരം ഇല്ലാതെ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കിയിരുന്ന ഒരു കാറ്ററിംഗ് യൂണിറ്റ് അടയ്ക്കുന്നതിനും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു സംവിധാനങ്ങൾ ഒരുക്കി മാത്രമേ അത് തുറന്നു പ്രവർത്തിപ്പിക്കാവൂ എന്നും നിർദ്ദേശം നൽകി. തികച്ചും നിയമവിരുദ്ധമായി പൊതുജനാരോഗ്യത്തെ ഹാനികരമായി ബാധിക്കും വിധം സ്ഥാപനങ്ങൾ നടത്തിയ ലൈസൻസികൾക്കെതിരെ നിയമപ്രകാരമുള്ള പരമാവധി പിഴ ഈടാക്കുന്നത് അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ അറിയിച്ചു. പരിശോധനയ്ക്ക് ക്ലീൻസിറ്റി മാനേജർ കെ മധുസൂദനൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം ഗോപകുമാർ, സി കെ മുഹമ്മദ് ഹനീഫ എന്നിവരും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി കെ മുനീർ, പി പി അനുകൂൽ എന്നിവരും നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home