ഓണമെത്തി, അത്തച്ചമയം ഇന്ന്‌

onam celebrations

ഇനി ഓണപ്പൂക്കാലം... ഓണത്തെ വരവേൽക്കാൻ തൊടിയിൽ പൂക്കളൊരുങ്ങി. പൂക്കളിറുക്കാൻ കുരുന്നുകളും. ഓർമകൾ പങ്കിട്ട് 
അവരോടൊപ്പം പൂക്കൾ ശേഖരിക്കുന്ന ഏലൂർ സ്വദേശി കണ്ണമ്മ / ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on Aug 26, 2025, 02:14 AM | 2 min read


കൊച്ചി

സമഭാവനയുടെ സന്ദേശവുമായി, ഓണക്കാല വിളംബരമായി ചൊവ്വാഴ്‌ച അത്തം. ഇനി പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കൾ ചിരിക്കും. പത്താം നാൾ തിരുവോണം. ഓണക്കാല വിലക്കയറ്റം തടയാനുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലും സജീവം. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നിർവഹിച്ചു.


പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ചൊവ്വാഴ്‌ച തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്‌കൂൾ മൈതാനത്ത്‌ രാവിലെ ഒമ്പതിന്‌ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും.


ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ

സംസ്ഥാന സർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല വിതരണോദ്‌ഘാടനം രാവിലെ 9.30ന്‌ ജില്ലാപഞ്ചായത്ത്‌ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ്‌ നൽകുക. 5,92,657 മഞ്ഞക്കാർഡുകാർക്ക്‌ കിറ്റ്‌ വിതരണം റേഷൻകട വഴിയാകും. സെപ്‌തംബർ നാലുവരെ കിറ്റ്‌ വാങ്ങാം.


ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള കിറ്റ്‌ ഉദ്യോഗസ്ഥർ എത്തിക്കും. ക്ഷേമസ്ഥാപനത്തിലെ നാല്‌ അന്തേവാസികൾക്ക്‌ ഒരു കിറ്റ്‌ എന്ന നിലയിലാണ്‌ നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾനൽകും.


​ ഓണക്കാലത്ത്‌ പിങ്ക്‌ കാർഡുകാർക്ക്‌ നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ചുകിലോ അരി നൽകും. നീലക്കാർഡിന്‌ 10 കിലോയും വെള്ളക്കാർഡിന്‌ 15 കിലോയും അരി നൽകും. കിലോയ്‌ക്ക്‌ 10.90 ര‍ൂപ നിരക്കിലാണിത്‌.


ജീവനക്കാർക്ക് 
4500 രൂപ ബോണസ്‌; ഉത്സവബത്ത 3000

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ഓണം ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക്‌ പ്രത്യേക ഉത്സവബത്ത 2,750 രൂപയില്‍നിന്ന്‌ 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.


സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ച്‌ 1,250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപ. 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.



കരാര്‍-, സ്‌കീം 
തൊഴിലാളികളുടെ 
ഉത്സവബത്ത 
250 രൂപ വര്‍ധിപ്പിച്ചു

ഓണത്തിന്‌ സംസ്ഥാനത്തെ കരാര്‍-, സ്‌കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപ വര്‍ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍നിന്ന് 1450 രൂപയാക്കി. അങ്കണവാടി, ബാലവാടി ഹെല്‍പ്പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കും 1450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപയും ബഡ്സ് സ്‌കൂള്‍ അധ്യാപകർ, ജീവനക്കാർ, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, മഹിളാ സമഖ്യ സൊസൈറ്റി മെസഞ്ചര്‍മാര്‍, കിശോരി ശക്തിയോജന സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്ക്‌ 1450 രൂപയും ലഭിക്കും.


ഉച്ചഭക്ഷണ തൊഴിലാളികള്‍ക്ക് 1550 രൂപയും പ്രേരക്‌മാര്‍, അസിസ്റ്റന്റ് പ്രേരക്‌മാര്‍, സ്‌പെഷൽ സ്‌കൂളുകളിലെ അധ്യാപക-, അനധ്യാപക ജീവനക്കാര്‍ക്ക് 1250 രൂപയും എസ്‌സി–എസ്ടി പ്രൊമോട്ടര്‍മാര്‍, ഹോം ഗാര്‍ഡുകള്‍, ടൂറിസം വകുപ്പിലെ ലൈഫ് ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 1460 രൂപയും ലഭിക്കും. കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച മുഴുവന്‍ പേര്‍ക്കും വർധനവിന് അർഹതയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home