'എത്തിയത്​ 
ആക്രമിക്കാൻ ഉറപ്പിച്ച്​’

ഭീതി അകലുന്നില്ല ; ഒഡിഷയിലെ ക്രൈസ്തവവേട്ടയിൽ നടുങ്ങി രാജ്യം

odisha Bajrangdal Harassment

സിസ്​റ്റർ എലീസ കുട്ടികളെ പഠിപ്പിക്കുന്നു

avatar
അഞ്​ജുനാഥ്​

Published on Aug 09, 2025, 02:30 AM | 2 min read


ആലപ്പുഴ

ഒഡീഷയിൽ കന്യാസ്‌ത്രീകൾക്ക്‌ നേരെയുണ്ടായ ബജ്‌രംഗ്‌ദൾ ആക്രമണത്തിൽ നടുങ്ങി ആലപ്പുഴ സിസ്​റ്റേഴ്​സ്​ ഓഫ്​ ദ്​ വിസിറ്റേഷൻ കോൺഗ്രിഗേഷൻ . ഈ സന്യാസ സഭയിലെ അംഗങ്ങളായ ചമ്പക്കുളം സ്വദേശിനി സിസ്​റ്റർ എലൈസ ചെറിയാൻ, ഫോർട്ടുകൊച്ചി വെളി സ്വദേശിനി സിസ്​റ്റർ മോളി ലൂയിസ്​ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു. പുറത്തിറങ്ങാൻ പോലും ഭയന്നാണ്‌ കന്യാസ്‌ത്രീകൾ കഴിയുന്നതെന്ന്‌ സുപ്പീരിയർ ജനറൽ സിസ്​റ്റർ ഡോളി പറഞ്ഞു. അവർക്ക്​ മറ്റ്​ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഏറെ ബുദ്ധിമുട്ടിയാണ്​ സ്ഥലത്തുനിന്ന്​ കന്യാസ്​ത്രീകൾ രക്ഷപ്പെട്ടതെന്നും അവർ പറഞ്ഞു.


‘ഒഡിഷയിൽ 1979 ഡിസംബർ 12 മുതൽ ഞങ്ങളുടെ കോൺവെന്റ്​ പ്രവർത്തിക്കുന്നു. ഇവിടെ നിർധന കുട്ടികൾക്കുള്ള പഠനകേന്ദ്രം, ചികിത്സാകേന്ദ്രം, സ്​ത്രീകൾക്ക്​ വരുമാനം ലഭിക്കുന്നതിനായി ആരോഗ്യപാനീയങ്ങളുടെ നിർമാണം എന്നിവയാണ്​ നടക്കുന്നത്​. ഗ്രാമവാസികളിൽ ഏറെയും ഹിന്ദുക്കളാണ്​. ഇവരുമായി സ‍ൗഹാർദത്തിലാണ് എല്ലാവരും​. മതം മാറ്റമൊന്നും കന്യാസ്​ത്രീകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

സിസ്​റ്റർ എലൈസ 15 വർഷമായി ഒഡിഷയിലാണ്​. സിസ്​റ്റർ മോളി ഒഡിഷയിലെത്തിയിട്ട്​ രണ്ടുവർഷമായി.


'എത്തിയത്​ 
ആക്രമിക്കാൻ ഉറപ്പിച്ച്​’

ബജ്​രംഗ്​ദൾ ആക്രമണശേഷം​ പുറത്തിറങ്ങാൻപോലും പേടിയാണെന്ന്​ സിസ്റ്റർ മോളി പറഞ്ഞതായി സഹോദരി ഗേളി ലൂയീസ്​. ഒഡിഷയിൽ ബജ്​രംഗ്​ദളുകാരുടെ ആക്രമണത്തിനിരയായ, ഫോർട്ട്​​കൊച്ചി വെളി സ്വദേശിനി സിസ്റ്റർ മോളിയുടെ സഹോദരിയാണ്​ ഗേളി. ബജ്​രംഗ്​ദളുകാർ എത്തിയത്​ ആക്രമിക്കാൻ ഉറപ്പിച്ചാണെന്ന്‌ സഹോദരി പറഞ്ഞെന്നും​ ഗേളി.


വനമേഖലയിലെ ഒരുകുടുംബത്തിൽ ആണ്ട് കുർബാനയർപ്പിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. അക്രമിസംഘം പിന്നീട് കൂടുതൽ ആളുകളെ വിളിച്ചുവരുത്തിയാതും സഹോദരി പറഞ്ഞതായി ഗേളി പറഞ്ഞു.


എങ്ങനെ ധൈര്യത്തിൽ പുറത്തിറങ്ങും

ചരമവാർഷിക പ്രാർഥനയ്‌ക്ക്‌​ പോയി രാത്രി മടങ്ങുമ്പോൾ തങ്ങളെ പതിയിരുന്ന്‌ ആക്രമിക്കുകയായിരുന്നുവെന്ന്‌ ഫാ.ജോജോ ഫോണിൽ അറിയിച്ചതായി സഹോദരൻ ബാബു ജോസഫ്. ഫാ. ജോജോ തൃശൂർ അവിണിശ്ശേരി പാലയ്ക്കൽ സ്വദേശിയാണ്​.


മതബോധന അധ്യാപകൻ ബൈക്കിലും രണ്ട്‌ കന്യാസ്‌ത്രീകളും രണ്ട്‌ വൈദികരും കാറിലുമാണ്‌ യാത്ര ചെയ്‌തിരുന്നത്‌. വനമേഖലയിൽ അമ്പതോളം പേർ പതിയിരുന്ന്‌ ആക്രമിക്കുകയായിരുന്നു. ബൈക്കും കാറും തടഞ്ഞു. ബൈക്കിലുണ്ടായിരുന്ന മതബോധന അധ്യാപകനെ ക്രൂരമായി മർദിച്ചു. ഷർട്ട്‌ വലിച്ചുകീറി. കാറിലുള്ളവരുമായും പിടിവലിയുണ്ടായി. മൊബൈൽഫോൺ പിടിച്ചെടുത്തു. ഇതിനിടെ ആരോ പൊലീസിനെ അറിയിച്ചു. നിലവിൽ അവർക്ക്‌ കുഴപ്പമില്ല. പക്ഷേ, നാളെ അവർ പുറത്തിറങ്ങിയാൽ എന്താകും പ്രതികരണമെന്നാണ്‌ ഭയമെന്ന്‌ സഹോദരൻ പറഞ്ഞു.


പാലക്കൽ വൈദ്യക്കാരൻ പരേതരായ ഔസേഫിന്റെയും കുഞ്ഞലുവിന്റെയും ആറ് മക്കളിൽ മൂത്തവനാണ് ഫാ. ജോജോ. ജോഡോ ഇടവക വികാരിയായ ജോജോ 40 വർഷമായി ഒഡിഷയിൽ മിഷനറിയാണ്.


കേന്ദ്രസർക്കാർ നടപടിയെടുക്കണം: മാർ ആൻഡ്രൂസ്​ താഴത്ത്

ഒഡിഷയിലും ഛത്തീസ്​ഗഡിലും വൈദികരെയും കന്യാസ്​ത്രീകളെയും ആക്രമിച്ചവർക്കെതിരെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് കാത്തലിക്​ ബിഷപ്സ്​ കോൺഫറൻസ് ഓഫ്​​ ഇന്ത്യ ചെയർമാൻ​ മാർ ആൻഡ്രൂസ്​ താഴത്ത്​. ക്രൈസ്​തവർക്കെതിരെയുള്ള ആക്രമണം രാജ്യത്ത്​ കൂടുകയാണ്​. അവർ ഭയത്തിലാണ്​. ആക്രമിക്കപ്പെടുന്നത്​ ഭരണഘടനയും മതസ്വാതന്ത്ര്യവുമാണ്​.


രാജ്യത്ത്​ ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം. ഭയത്തിന്റെ സാഹചര്യം ഒഴിവാക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കാണ്. ന്യൂനപക്ഷങ്ങൾക്ക്​ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കണം. കന്യാസ്​ത്രീകൾക്കെതിരെയുള്ള കേസ്​ പിൻവലിക്കണം. നിർബന്ധിത മതപരിവർത്തനത്തിന്​ സഭ എതിരാണ്​. പ്രധാനമന്ത്രിയെ മൂന്നുതവണ കണ്ടിരുന്നു. സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്നും ന്യൂനപക്ഷ കമീഷനിൽ ക്രിസ്​ത്യൻ അംഗത്തെ വേണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, അതൊന്നും ലഭിച്ചില്ലെന്നും ആൻഡ്രൂസ്​ താഴത്ത്​ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home