‘പരാതി നൽകാൻ ഭയം, ഇത്‌ കേരളമല്ലല്ലോ’ ; ഒഡിഷയില്‍ ആക്രമണത്തിനിരയായ വൈദികന്‍ പറയുന്നു

odisha Bajrangdal Harassment

ഫാ. ലിജോ നിരപ്പേൽ / ഫാ. വി ജോജോ

avatar
അഖില ബാലകൃഷ്ണൻ

Published on Aug 09, 2025, 02:30 AM | 1 min read


ന്യൂഡൽഹി

പൊലീസിൽ പരാതി നൽകാൻ ഭയമാണെന്ന്‌ ഒഡിഷയിലെ ബാലസോറിൽ ബജ്‍രം​ഗ്‍ദളുകാരുടെ ആക്രമണത്തിനിരയായ മലയാളി വൈദികൻ ഫാ. ലിജോ നിരപ്പേൽ. ‘ഇവിടെ വൈദികനെ കണ്ടാൽ മതപരിവർത്തനം എന്നാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ ആരുമില്ല. കേരളം പോലെയല്ലല്ലോ, പരാതി നൽകിയാൽ വീണ്ടും ആക്രമിക്കുമോ എന്ന്‌ ഭയമാണ്‌. അധികാരികളും ബിജെപി അനുകൂലികളാണ്‌’ – ഫാ.- ലിജോ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


‘ഒഡിഷയിലെ പ്രാദേശിക ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ബജ്‌രംഗ്‌ദൾ വാദമാണ്‌ പ്രചരിക്കുന്നത്‌. മാധ്യമങ്ങളെ വിളിച്ചുവരുത്തി പതിയിരുന്ന്‌ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.


ബുധനാഴ്‌ച ജലശ്വേർ ഇടവകയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഗംഗാധർ ഗ്രാമത്തിൽ രണ്ട്‌ സഹോദരങ്ങളുടെ ആണ്ട്‌ കുർബാന നടത്താൻ പോയതാണ്‌. പത്തോളം ക്രൈസ്‌തവ കുടുംബങ്ങളാണ്‌ ഗ്രാമത്തിലുള്ളത്‌. അവർ ക്ഷണിച്ചതിനാലാണ്‌ പോയത്‌. മടങ്ങുംവഴി മുന്നിൽ ബൈക്കിൽ പോയിരുന്ന കപ്യാരെ പതിയിരുന്ന എഴുപതുപേരടങ്ങുന്ന സംഘം തള്ളിയിട്ട്‌ മർദിച്ചു. വസ്‌ത്രങ്ങൾ വലിച്ചുകീറി. പിന്നാലെ വന്ന ഞങ്ങളുടെ വാഹനം തടഞ്ഞുനിർത്തി പുറത്തുവലിച്ചിറക്കി. ഫോണുകൾ തട്ടിപ്പറിച്ചശേഷം മർദിച്ചു. ബിജെപി ഭരണമാണെന്ന്‌ ഓർക്കണമെന്ന്‌ ആക്രോശിച്ചായിരുന്നു മർദനം.' രണ്ടര വർഷമായി ജലശ്വേർ ഇടവകയിലെ വൈദികനായ കുറവിലങ്ങാട്‌ സ്വദേശി ഫാ. ലിജോ പറഞ്ഞു.


സംഭവം വിശദമായി പൊലീസിന് എഴുതി നൽകുമെന്ന്‌ ആക്രമണത്തിനിരയായ തൃശൂർ സ്വദേശിയും ജോഡ ഇടവകയിലെ വൈദികനുമായ ഫാ. വി ജോജോ പറഞ്ഞു. വൈദികരെ കൂടാതെ ആലപ്പുഴ സിസ്റ്റേഴ്സ് ഓഫ് ദ് വിസിറ്റേഷൻ കോൺഗ്രഗേഷൻ അംഗങ്ങളായ സിസ്റ്റർ എലേസ ചെറിയാൻ, സിസ്റ്റർ മോളി ലൂയിസ്‌ എന്നിവരാണ്‌ ആക്രമണത്തിനിരയായത്‌. രണ്ട്‌ മണിക്കൂറോളം ബജ്‌രംഗ്‌ദളുകാർ വിജനമായ പ്രദേശത്ത്‌ ബന്ദിയാക്കിവച്ചെന്ന്‌ ആക്രമണത്തിനിരയായ സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home