നടിമാർക്കെതിരായ അശ്ലീല പരാമർശം: 'ആറാട്ടണ്ണ'ന് ജാമ്യം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മലയാളസിനിമാ നടിമാർക്കെതിരെ അശ്ലീലപരാമർശം നടത്തിയ കേസിൽ വ്ലോഗർ സന്തോഷ് വർക്കിക്ക് (ആറാട്ട് അണ്ണൻ-38) ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും 11 ദിവസമായി റിമാൻഡിലാണെന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് എം ബി സ്നേഹലത ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ മുമ്പ് നടത്തിയതുപോലെയുള്ള പരാമർശങ്ങൾ നടത്തരുതെന്ന കർശന വ്യവസ്ഥയുമുണ്ട്.
എറണാകുളം എ സി ജെ എം കോടതിയാണ് മുമ്പ് 14 ദിവസത്തേയ്ക്ക് ആറാട്ടണ്ണനെ റിമാൻഡ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കളമശേരി സ്വദേശിയായ സന്തോഷിനെ എറണാകുളം നോർത്ത് പൊലീസാണ് കഴിഞ്ഞ മാസം 25ന് അറസ്റ്റ് ചെയ്തത്.
നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര പ്രവർത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് പരാതി നൽകിയത്. സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 20നാണ് ഇയാൾ ഫേസ്ബുക്കിൽ അപകീർത്തികരമായ കുറിപ്പിട്ടത്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പോസ്റ്റ്. മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലും പ്രതിയാണിയാൾ.









0 comments