കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി; കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ നടുക്കുന്ന റാഗിങ് ദൃശ്യങ്ങൾ പുറത്ത്

ragging kottayam
വെബ് ഡെസ്ക്

Published on Feb 13, 2025, 01:22 PM | 1 min read

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള ഗവ. നഴ്‌സിങ്‌ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്കെതിരെ നടന്നത് അതിക്രൂരമായ റാഗിങ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രൂരമായ റാ​ഗിങ്ങാണ് വിദ്യാർഥികൾ നേരിട്ടത്. വിദ്യാർഥികളുടെ ശരീരത്തിൽ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. പലതവണ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർഥികൾ വേദനിച്ച് നിലവിളിച്ചിട്ടും ഉപദ്രവം തുടർന്നു. വിദ്യാർഥികളുടെ കാലിലും മുറിവുകളിലും ലോഷൻ ഒഴിച്ചു. സ്വകാര്യ ഭാ​ഗങ്ങളിലടക്കം മുറിവേൽപ്പിച്ചു. കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂര മർദനം. നഗ്നരാക്കി നിർത്തുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തി മുറിപ്പെടുത്തിയുമായിരുന്നു പീഡനം. നിലവിളിക്കുമ്പോൾ വായിൽ ക്രീമും കലാമിൻ ലോഷനും ഒഴിച്ചെന്നും വിദ്യാർഥികൾ പരാതിയിലും പറഞ്ഞിരുന്നു.


മൂന്നാം വർഷ വിദ്യാർഥികളായ മൂന്നിലവ് കീരിപ്ലാക്കൽ സാമുവേൽ(20), വയനാട് പുൽപ്പള്ളി ഞാവലത്ത് വീട്ടിൽ ജീവ(19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി റിജിൽ ജിത്ത്(20), മലപ്പുറം വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ്(22), കോട്ടയം കോരുത്തോട് മടുക്ക നെടുങ്ങാട്ട് വിവേക്(21) എന്നിവരാണ് ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായി ഉപദ്രവിച്ചത്. ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ ജില്ലാ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയ ശേഷമാണ്‌ കോടതിയിൽ ഹാജരാക്കിയത്‌.


ഗാന്ധിനഗർ എസ്‌എച്ച്‌ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ്‌ സംഘം കോളേജിലും ഹോസ്റ്റൽ മുറിയിലും പരിശോധന നടത്തി. മറ്റ്‌ കുട്ടികളിൽനിന്ന്‌ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തുമെന്ന്‌ ഗാന്ധിനഗർ എസ്‌എച്ച്‌ഒ പറഞ്ഞു. ഹോസ്റ്റലിലെ ക്രൂര പീഡനത്തിനിരയായ ആറ്‌ വിദ്യാർഥികളുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌. സീനിയർ വിദ്യാർഥികൾ മൂന്ന്‌ മാസമായി ഇവരെ റാഗിങ്‌ ചെയ്‌തിരുന്നു.


കഴിഞ്ഞ നവംബർ മുതലാണ് റാഗിങ്ങിന്റെ പേരിൽ പീഡനം നടന്നത്. ആയുധം ഉപയോഗിച്ച്‌ കുത്തി മുറിപ്പെടുത്തുക, ക്രൂര മർദനം, ഭീഷണിപ്പെടുത്തുക, 1998ലെ മൂന്നാം വകുപ്പ് റാഗിങ് ആക്‌ട്‌ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്‌ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്‌. രണ്ട് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും പ്രതികൾക്ക്‌ ലഭിക്കാം. കുറ്റകൃത്യം തെളിഞ്ഞാൽ വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന്‌ പുറത്താക്കാനും വകുപ്പുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home