മദ്യപിക്കാൻ പണം നൽകിയില്ലെങ്കിൽ മർദനം; ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പാട്ട് വയ്ക്കും

ഏറ്റുമാനൂർ : കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ആവശ്യപ്പെട്ടായിരുന്നു ഒന്നാം വർഷ വിദ്യാർഥികൾക്ക് നേരെയുള്ള മുതിർന്ന കുട്ടികളുടെ ക്രൂരമായ ആക്രമണം. എല്ലാ ഞായറാഴ്ചകളിലും മദ്യപിക്കാൻ ഒന്നാംവർഷക്കാരിൽനിന്ന് പ്രതികൾ പണം ആവശ്യപ്പെടുമായിരുന്നു. പണം കിട്ടാതെ വരുമ്പോൾ ഒന്നാം വർഷ വിദ്യാർഥികളെ തങ്ങളുടെ മുറികളിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടായിരുന്നു സീനിയേഴ്‌സിന്റെ കൊടിയ മർദനം.
കോളേജിന് സമീപത്തുള്ള ഹോസ്റ്റലിൽ ആകെ 24 പേരാണ് താമസിക്കുന്നത്. മൂന്ന് പേർക്കാണ് ഹോസ്റ്റലിന്റെ ചുമതല. ഹൗസ് കീപ്പർ ഹോസ്റ്റലിനോട് ചേർന്നുള്ള ഔട്ട് ഹൗസിലാണ് താമസിക്കുന്നത്. മറ്റ് രണ്ട് പേർ വീടുകളിലും. രാത്രി 9.30 ആകുമ്പോൾ ഹോസ്റ്റൽ പൂട്ടി ഹൗസ് കീപ്പർ ഉറങ്ങാൻ പോകും. ഈ സമയം നോക്കിയായിരുന്നു മർദനം.
ക്രൂരമായ മർദനം അഴിച്ചുവിടുമ്പോഴും ശബ്ദം പുറത്ത് പോകാതിരിക്കാൻ പ്രതികൾ പരമാവധി ശ്രദ്ധിച്ചിരുന്നു. ഹോസ്റ്റലിന്റെ ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിലായാണ് സീനിയേഴ്‌സിന്റെ റൂം. നിലവിളിച്ചാൽ ശബ്ദം പുറത്തേക്ക് കേൾക്കാത്ത, ഉള്ളിലേക്ക് ഒതുങ്ങിയ മുറിയിലാണ് ക്രൂരപീഡനം നടന്നത്. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പ്രതികൾ സ്‌പീക്കറിൽ ഉച്ചത്തിൽ പാട്ട് വച്ച ശേഷമായിരുന്നു കുട്ടികളെ മർദിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും ഈ മുറികളിൽ പാട്ടും ഡാൻസുമൊക്കെ സ്ഥിരമായിരുന്നു. അതുകൊണ്ട് ബഹളം കേട്ടാലും ആരും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. ഇത് മുതലാക്കിയായിരുന്നു പ്രതികൾ നിരന്തരം ആക്രമണം തുടർന്നത്. നവംബർ മുതൽ റാഗിങ്ങ് തുടരാൻ ഇവർക്ക് ധൈര്യം ലഭിച്ചതും ഈ മറയായിരുന്നു.
ഭയന്ന് കുട്ടികൾ പിന്മാറി, പരാതി നൽകിയത് കുട്ടിയുടെ അച്ഛൻ
ഹോസ്റ്റൽ മുറിയിലെ പീഡനത്തിൽ ആദ്യം പരാതി നൽകിയത് റാഗിങ്ങിനിരയായ കുട്ടിയുടെ അച്ഛനാണ്. മാസങ്ങൾക്ക് മുമ്പേ ക്രൂരമായ ആക്രമണങ്ങൾ ഇവർ നടത്തിയിരുന്നെങ്കിലും വീണ്ടും മർദിക്കുമോ എന്ന ഭയത്താൽ പുറത്ത് പറയാൻ ഒന്നാം വർഷ കുട്ടികൾ ഭയന്നിരുന്നു. കഴിഞ്ഞ ഞായർ രാത്രി നടത്തിയ ആക്രമണത്തോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. മദ്യപിക്കാൻ പണം നൽകാത്തതിനാൽ ഒരു കുട്ടിയെ തെരഞ്ഞുപിടിച്ച് ഇവർ ആക്രമിച്ചിരുന്നു.
ക്രൂരത സഹിക്കാനാവാതെ വന്നതോടെ ഈ വിദ്യാർഥി അച്ഛനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് സംഭവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് ആറ് കുട്ടികളിൽനിന്ന് പരാതി സ്വീകരിച്ചു. ഗാന്ധിനഗർ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി.
ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളാക്കപ്പെട്ടവരെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ഹോസ്റ്റലിൽനിന്ന് പുറത്താക്കുകയും ചെയ്‌തിട്ടുണ്ട്. മൂന്ന് അധ്യാപകരുടെ നേതൃത്വത്തിൽ ആന്റി റാഗ്ഗിങ് സെൽ രൂപീകരിച്ചു. ഇതിന് മുമ്പ് ഇങ്ങനെയുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്നും ഹോസ്റ്റലിലെ കുട്ടികൾക്ക് പൂർണസംരക്ഷണം ഒരുക്കുമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് പറഞ്ഞു.
റാഗ് ചെയ്ത വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. കെജിഎസ്എൻഎയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അഞ്ച് വിദ്യാർഥികളെയും 11 ന് തന്നെ പുറത്താക്കിയിരുന്നു. റാഗിങ്ങിന് വിധേയരായ വിദ്യാർഥികൾക്ക് നിയമപരമായും സംഘടനാപരമായും പൂർണ പിന്തുണ നൽകാനും കെജിഎസ്എൻഎ തീരുമാനിച്ചതായും സംസ്ഥാന പ്രസിഡന്റ് അശ്വതി അജയൻ അറിയിച്ചു.









0 comments