ക്രൂര പീഡനത്തിന്റെ വീഡിയോകൾ പുറത്ത്
നഴ്‌സിങ് കോളേജിലെ റാഗിങ് ; കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും , ദൃശ്യങ്ങളുടെ ഉറവിടം തേടിയും അന്വേഷണം

കോട്ടയം : കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദ്. മറ്റ് കുട്ടികളെ കണ്ട് മൊഴിയെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒരു കുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. റാഗിങ്ങുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച രാഘവൻ കമ്മിറ്റി നിർദേശങ്ങളും യുജിസി മാനദണ്ഡങ്ങളും പൊലീസിന്റെ സർക്കുലർ പ്രകാരവും പ്രതികൾക്കെതിരെ നടപടിയെടുക്കും. കോളേജ് അധികൃതരുടെയോ വാർഡന്റെയോ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്. മാസങ്ങൾ നീണ്ട ആക്രമണങ്ങൾ കോളേജ് അധികൃതർ അറിഞ്ഞില്ലെന്ന വാദം കൂടുതൽ കുട്ടികളെ ചോദ്യംചെയ്താൽ മാത്രമേ കണ്ടെത്താനാകൂ.
വിഷയം ചർച്ചയായതിന് പിന്നാലെ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇത് എങ്ങനെയാണെന്ന് പരിശോധിക്കുകയാണ്. ഏതൊക്കെ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങളുണ്ട്, വീഡിയോ പകർത്തിയത് ഏത് ഫോണിൽനിന്നാണ് എന്നതടക്കം കണ്ടെത്താനുണ്ട്. ഇതിനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സാമുഹ്യമാധ്യമങ്ങൾ വഴിയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഈ സാഹചര്യത്തിൽ വാട്‌സ്‌ആപ്പിന് ഉൾപ്പെടെ അപേക്ഷ നൽകി ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രൊഹിബിഷൻ ഓഫ് റാഗിങ് ആക്‌ട്, കുട്ടികളിൽനിന്നു് പണം നിർബന്ധിച്ച് പിടിച്ചുവാങ്ങൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തിന് വേണ്ടിയാണ് പ്രതികൾ ജൂനിയേഴ്‌സിൽനിന്ന് പണം പിരിച്ചതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇവർ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും.
ക്രൂര പീഡനത്തിന്റെ വീഡിയോകൾ പുറത്ത്
കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ നടന്ന ക്രൂര പീഡനത്തിന്റെ വീഡിയോകൾ പുറത്ത്. അതിക്രൂരമായ റാഗിങ്ങിന്റെ വീഡിയോകളാണ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പുകളിലുമായി പ്രചരിക്കുന്നത്. ദൃശ്യങ്ങൾ പുറത്തായതോടെ ജനം സോഷ്യൽമീഡിയയിൽ പ്രതിഷേധമുയർത്തി.
കൈയും കാലും കെട്ടി ദേഹമാസകലം ക്രീം പുരട്ടി കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുന്നതും വേദന സഹിക്കാനാകാതെ നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്. പ്രതികരിക്കാനാകാതെ ക്രൂരതകൾ ഏറ്റുവാങ്ങുകയായിരുന്നു വിദ്യാർഥികൾ. ദേഹത്ത് ചോര പൊടിയുമ്പോൾ ലോഷൻ പുരട്ടിയും നിലവിളിക്കുമ്പോൾ വായിൽ ലോഷൻ ഒഴിച്ചുമുള്ള അതിക്രൂരതയും നടന്നതായി വീഡിയോയിൽ വ്യക്തമാണ്.
കോട്ടയം ഗവ. നഴ്‌സിങ് ഒന്നാംവർഷ വിദ്യാർഥികളാണ് പീഡനത്തിരയായത്. സംഭവത്തിൽ സാമുവേൽ, ജീവ, റിജിൽജിത്ത്, വിവേക്, രാഹുൽരാജ് എന്നിവർ റിമാൻഡിലാണ്. ഗാന്ധിനഗർ എസ്‌എച്ച്‌ഒ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വഷണം. ഹോസ്റ്റലിലെ ക്രൂര പീഡനത്തിനിരയായ ആറ് വിദ്യാർഥികളുടെ പരാതിയിലാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. സീനിയർ വിദ്യാർഥികൾ മൂന്ന് മാസമായി ഇവരെ റാഗിങ് ചെയ്‌തിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും റിമാൻഡ് കാലാവധിക്ക് ശേഷം ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു.









0 comments