30ന്‌ കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക്‌ തുക കൈമാറും

വയനാടിന്റെ കണ്ണീരൊപ്പാൻ വിദ്യാർഥികളും ; എൻഎസ്‌എസ്‌ സമാഹരിച്ചത്‌ 
4.5 കോടി രൂപ

Nss Students Wayanad Rehabilitation
വെബ് ഡെസ്ക്

Published on Jun 28, 2025, 12:59 AM | 1 min read


തിരുവനന്തപുരം

മുണ്ടക്കൈ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന്‌ സ്നേഹഭവനം നിർമിക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ നാഷണൽ സർവീസ് സ്കീം സമാഹരിച്ച 4.5 കോടി രൂപ തിങ്കളാഴ്‌ച സർക്കാരിന്‌ കൈമാറും. വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ വി കെ കൃഷ്ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങും.


ആദ്യഘട്ടമായാണിത്‌. പാഴ്‌ക്കടലാസ്‌ ശേഖരിച്ച്‌ വിറ്റും ബിരിയാണിയുണ്ടാക്കിവിറ്റും കലാപ്രദർശനം, ഭക്ഷ്യമേള, ഓണം മേള, ഉൽപന്നവിപണനമേള എന്നിവ നടത്തിയും കൂപ്പൺ നറുക്കെടുപ്പിലൂടെയുമാണ്‌ വിദ്യാർഥികൾ ഇത്രയും തുക സമാഹരിച്ചതെന്ന്‌ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ എൻഎസ്‌എസ്‌ വളണ്ടിയർമാർ സേവനരംഗത്തുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലും തുണയായി.


വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും എത്തിച്ചു. ബാക് ടു കോളേജ്/സ്കൂൾ പദ്ധതി ആവിഷ്കരിച്ച് വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങളും ലാപ്‌ടോപ്പും മൊബൈൽ ഫോണും സമാഹരിച്ച് നൽകി. പുനരധിവാസ പദ്ധതികൾക്ക്‌ പിന്തുണ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് സെല്ലുകളും ഭവനപദ്ധതിയിൽ പങ്കുചേരാൻ തീരുമാനിച്ചു.


അടുത്തഘട്ടം പ്രവർത്തനം ജൂലൈ ഒന്നിന്‌ തുടങ്ങും. ഒരുമാസത്തെ പ്രത്യേക കാമ്പയിനിലൂടെ ഭവനനിർമാണ പദ്ധതിയുടെ ധനസമാഹരണം പൂർത്തിയാകുമെന്ന്‌- മന്ത്രി പറഞ്ഞു. സംസ്ഥാന എൻഎസ്‌എസ്‌ ഓഫീസർ ഡോ. ആർ എൻ അൻസറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home