'കപ്പലണ്ടി വിൽപ്പന മുതൽ ബിരിയാണി ചലഞ്ച് വരെ'; വയനാടിനായി എൻഎസ്എസ് കുട്ടികൾ സമാഹരിച്ചത് ഒന്നര കോടിയിലധികം

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മാക്കാനായി ഹയർസെക്കൻഡറി എൻഎസ്എസ് കുട്ടുകൾ സമാഹരിച്ച ഒരു കോടി 67 ലക്ഷം രൂപ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഹയർസെക്കൻഡറി എൻഎസ്എസിലെ 1,540 സ്കൂൾ യൂണിറ്റുകളിലെ വിദ്യാർഥികൾ ബിരിയാണി ചലഞ്ചും ഹലുവ ചലഞ്ചും നടത്തിയും കപ്പലണ്ടി വിറ്റുമടക്കമാണ് തുക സമാഹരിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നേരത്തെ വൊക്കേഷൻ ഹയർസെക്കൻഡറി എൻഎസ്എസ് വിഭാഗം 45 ലക്ഷം രൂപ കൈമാറിയിരുന്നു. സ്റ്റേറ്റ് എൻഎസ്എസിന് കീഴിലെ അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. മാതൃകാപരമായ പ്രവർത്തനം നടത്തിയ കുഞ്ഞുങ്ങളെ മന്ത്രി അഭിനന്ദിച്ചു.
അതേസമയം മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി. പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്. മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി. ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.









0 comments