ഇതുപോലൊരു ഭ്രാന്ത് ആരും പ്രതീക്ഷിച്ചിരുന്നില്ല: ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: പ്രസിഡന്റായപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെമേൽ ചുങ്കം ചുമത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണെങ്കിലും ഇതുപോലൊരു ഭ്രാന്ത് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. തോമസ് ഐസക്ക്. ഇന്ത്യയുടെ മേൽ ട്രംപ് 25 ശതമാനം അധിക തീരുവകൂട്ടിക്കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ള രാജ്യങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തി അവരിൽ നിന്ന് സാമ്പത്തിക ഇളവുകൾ നേടുന്നതിന് ചുങ്കത്തെ ഒരു ആയുധമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ട്രംപിന്റെ ഈ ഭ്രാന്തൻ നടപടികൾ എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകത്തെ ഏറ്റവും സുന്ദരൻ വാക്ക് ‘താരിഫ്’ (ചുങ്കം) ആണെന്ന ട്രംപിന്റെ വിടുവായത്തം പ്രസിദ്ധമാണ്. അതുകൊണ്ട് അദ്ദേഹം പ്രസിഡന്റായപ്പോൾ അമേരിക്കയിലേക്കുള്ള ഇറക്കുമതിയുടെമേൽ ചുങ്കം ചുമത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ഇതുപോലൊരു ഭ്രാന്ത് ആരും പ്രതീക്ഷിച്ചിരുന്നില്ല.
മറ്റുള്ള രാജ്യങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തി അവരിൽ നിന്ന് സാമ്പത്തിക ഇളവുകൾ നേടുന്നതിന് ചുങ്കത്തെ ഒരു ആയുധമാക്കിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളുടെ വിദേശനയത്തെ നിയന്ത്രിക്കുന്നതിനും ചുങ്കത്തെ കരുവാക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് പിഴയായി 25 ശതമാനം ചുങ്കം!
ചുങ്കം കുറയ്ക്കുന്നതിന് ഇന്ത്യ റഷ്യയുമായുള്ള വാണിജ്യബന്ധം ഉപേക്ഷിക്കണം. തീർന്നില്ല. കാർഷിക മേഖല പൂർണ്ണമായും തുറന്നിടണം. അമേരിക്കൻ ഗോതമ്പും പാലും വെണ്ണയും നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കണം. അമേരിക്കയിൽ 4 ശതമാനം ആളുകളേ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുള്ളൂ. ഇന്ത്യയിൽ 40 ശതമാനത്തിലേറെ ആളുകളുടെ ഉപജീവനം കാർഷിക മേഖലയിലാണ്. ഇതൊന്നും ട്രംപിന് പ്രശ്നമല്ല.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ട്രംപിന്റെ ഈ ഭ്രാന്തൻ നടപടികൾ എന്തിനു വേണ്ടിയാണ്?
1980-കളിൽ 1.8 കോടി തൊഴിലാളികൾ അമേരിക്കയിലെ വ്യവസായ മേഖലയിൽ തൊഴിൽ ചെയ്തിരുന്നു. ഇപ്പോൾ 1.2 കോടി തൊഴിലാളികളേയുള്ളൂ. അമേരിക്കൻ വ്യവസായങ്ങൾ തുരുമ്പിച്ചു. അമേരിക്കയുടെ മത്സരശേഷി സേവനങ്ങളിലാണ്. എന്നാൽ വ്യവസായ മേഖലയ്ക്കാണ് വോട്ടിൽ പ്രാധാന്യം. ജോലി നഷ്ടപ്പെട്ട വ്യവസായ തൊഴിലാളികളിൽ നിന്ന് വലിയ പിന്തുണയാണ് ട്രംപിനു ലഭിച്ചത്.
അമേരിക്കയെ വീണ്ടും വ്യവസായവൽക്കരിച്ച് വീണ്ടും മഹത്താക്കുകയാണ് ട്രംപിന്റെ മാഗാ (Make America Great Again) മുദ്രാവാക്യത്തിന്റെ ആണിക്കല്ല്. ഇതിനുള്ള കുറുക്കുവഴിയാണ് ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കുകയെന്നത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരും. അമേരിക്കയിൽ തന്നെ അവ ഉൽപ്പാദിപ്പിക്കുന്നത് ലാഭകരമായിത്തീരും ഇതാണ് യുക്തി.
ട്രംപിന്റെ ഉറച്ച വിശ്വാസം അമേരിക്കയെ ചൈനയും മറ്റും കബളിപ്പിച്ചതാണെന്നാണ്. ചൈനയുടെ ഉല്പ്പന്നങ്ങൾ വിലകുറച്ചു ഡമ്പ് ചെയ്യുകയാണത്രെ. യഥാർഥ വസ്തുത അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ ഉൽപ്പാദനം ചൈനയിലേക്കും കാനഡയിലേക്കും മെക്സിക്കോയിലേക്കുമെല്ലാം മാറ്റിയതാണ്. കാരണം ഈ രാജ്യങ്ങളിലാണ് ഉൽപ്പാദനചിലവ് കുറവ്. ഇങ്ങനെ ഉൽപ്പാദനം ആഗോളവൽക്കരിച്ചതിന്റെ ഫലമായി അവർ കൊള്ളലാഭവും കൊയ്തു. വ്യവസായ വരുമാനത്തിന്റെ വിഹിതം അമേരിക്കൻ ദേശീയ വരുമാനത്തിൽ കുറഞ്ഞുവെങ്കിലും ധനകാര്യ സേവനങ്ങളുടെ വിഹിതം കുത്തനെയുയർന്നു.
എന്നാൽ ഭീഷണി മുഴക്കി വ്യവസായ നിക്ഷേപം സൃഷ്ടിക്കാൻ കഴിയില്ലായെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ദിവസംതോറും തീരുവയിൽ വരുത്തുന്ന മാറ്റങ്ങൾമൂലം ട്രംപിനെ വിശ്വസിക്കാൻ കഴിയില്ലായെന്നാണ് നിക്ഷേപകർ കരുതുന്നത്. എന്ത് ഉറപ്പിലാണ് ട്രംപ് പറയുന്നതുകേട്ട് നിക്ഷേപം നടത്തുക? ഇത് ട്രംപിനെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
തീരുവയ്ക്കു പിന്നിൽ മറ്റൊരു ഉന്നംകൂടിയുണ്ട്. ട്രംപ് നൽകിയ നികുതിയിളവുകൾ അധിക ചെലവുകൾമൂലം കമ്മി കൂടിക്കൊണ്ടിരിക്കുകയാണ്. കമ്മി പരിഹരിക്കാൻ കണ്ടിരിക്കുന്ന എളുപ്പ മാർഗമാണ് ഇറക്കുമതി തീരുവ ഉയർത്തുകയെന്നത്. ചുങ്കം വഴി സമാഹരിക്കുന്ന ഭീമമായ തുക കമ്മി കുറയ്ക്കാനും മുതലാളിമാർക്ക് കൂടുതൽ ഇളവ് നൽകാനും സഹായിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
ഇതിനിടയിൽ ഇന്ത്യ എങ്ങനെയാണ് കടന്നുവരുന്നത്? അമേരിക്കയുടെ മൊത്തം വ്യാപാര കമ്മി 1,20,000 കോടി ഡോളറാണ്. ഇന്ത്യയുടെ വ്യാപാരമിച്ചം വെറും 4500 കോടി ഡോളറാണ്. എത്രയോ നിസാരം. പിന്നെ എന്തിനാണ് ഇന്ത്യയുടെമേൽ കുതിരകയറുന്നത്? ഇവിടെയാണ് അമേരിക്കയുടെ ബ്രിക്സ് പേടി പുറത്തുവരുന്നത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക അഥവാ ബ്രിക്സ് രാജ്യങ്ങൾ അമേരിക്കയേക്കാൾ വേഗതയിൽ വളരുന്ന രാജ്യങ്ങളാണ്. ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുന്നത് അമേരിക്കൻ ആധിപത്യത്തിനും ഡോളർ നാണയ വ്യവസ്ഥയ്ക്കും ഭീഷണിയായിട്ടാണ് ട്രംപ് കരുതുന്നത്. ഇന്ന് ഭീമമായ വ്യാപാര കമ്മി അമേരിക്കയ്ക്ക് പ്രശ്നമല്ല. കാരണം വിദേശത്തു നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കൻ ഡോളറിൽ വില നൽകിയാൽ മതി. ഡോളറിനു പകരം മറ്റേതെങ്കിലും നാണയത്തെക്കുറിച്ച് ചിന്തിച്ചാൽ അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ രഹസ്യം ഇതാണ്. ബ്രിക്സിനെ തകർക്കുന്നതിനുള്ള ഗൂഡലക്ഷ്യവുംകൂടി ഇന്ത്യയ്ക്കെതിരായ നീക്കത്തിനു പിന്നിലുണ്ട്.
ഇന്ത്യയ്ക്ക് മുന്നിൽ പോംവഴികൾ പരിമിതമാണ്. ഒന്നുകിൽ കീഴടങ്ങുക. അല്ലെങ്കിൽ ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുത്തുക. ഈ കൂട്ടായ്മയുടെ ശക്തിയിൽ ട്രംപിനെ നേരിടുക.









0 comments