രാഹുലിനെ പാർലമെന്ററി പാർടിയിൽ നിന്ന് പുറത്താക്കിയെന്ന അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല: സ്പീക്കർ

A N Shamseer
തൃശൂർ: രാഹുലിനെ പാർലമെന്ററി പാർടിയിൽ നിന്ന് പുറത്താക്കിയെന്ന അറിയിപ്പ് ഇതുവരെ കോൺഗ്രസിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. ബുധനാഴ്ചയാണ് നിയമസഭാ സമ്മേളനത്തിന് ശുഭാർശ ചെയ്തത്. വ്യാഴാഴ്ച ഗവർണർക്ക് ശുഭാർശ അയച്ചു. സെപ്തംബർ 15നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അവധി അപേക്ഷ നൽകിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
കോഴിക്കോട് വടകരയിൽ പ്രതിഷേധക്കാരോട് കയർത്ത ഷാഫി പറമ്പിലിന്റെ സമീപനത്തെക്കുറിച്ചും സ്പീക്കർ പ്രതികരിച്ചു. ജനപ്രതിനിധികൾക്ക് നേരെ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അത്തരം പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ജനങ്ങൾ ഇടപെടുന്ന അതേ രീതിയിൽ ജനപ്രതിനിധികൾക്ക് പ്രതികരിക്കാൻ കഴിയില്ല. ജനപ്രതിനിധികൾക്ക് കുറച്ചുകൂടി പക്വത കാണിക്കണം- എ എൻ ഷംസീർ പറഞ്ഞു.
അതേസമയം, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസേജുകളയച്ചും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബി എന്‍ എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല.









0 comments