പണമുണ്ടായിട്ടും കേരളത്തിന് എയിംസ് തഴഞ്ഞ് കേന്ദ്രസർക്കാർ

ന്യൂഡൽഹി
പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജന പദ്ധതിയിൽ തുക ബാക്കിയായിട്ടും കേരളത്തിന് എയിംസ് അനുവദിക്കാതെ കേന്ദ്രസർക്കാർ. രാജ്യത്ത് എയിംസ് സ്ഥാപിക്കലിനും സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരണത്തിനുമുള്ള പദ്ധതിയുടെ ഭാഗമായി മൂന്നുവർഷത്തിൽ 26,440 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 1,187 രൂപ വിനിയോഗിക്കാതെ അസാധുവായെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ മറുപടി നൽകി.
ഉപയോഗിക്കാതെ ബാക്കിയായ തുക നിർവഹണ ഏജൻസികൾക്ക് കൈമാറിയെന്നും ആവശ്യാനുസരണം ലഭ്യമാണെന്നുമാണ് കേന്ദ്രവാദം. ഓരോ സംസ്ഥാനങ്ങളിലേക്കും അനുവദിച്ച തുകയുടെ വിവരങ്ങൾ പുറത്തുവിടാൻ ആരോഗ്യമന്ത്രാലയം തയ്യാറായില്ല. കേരളത്തോടുള്ള അവഗണന മറച്ചുപിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വി ശിവദാസൻ എംപി പറഞ്ഞു. പൊതുജനാരോഗ്യം ഉത്തരവാദിത്തപൂർവം നടപ്പിലാക്കുന്ന സംസ്ഥാനങ്ങളെ വേട്ടയാടുകയാണ് ബിജെപി സർക്കാർ–- ശിവദാസൻ പറഞ്ഞു.









0 comments