എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ സി ബാലകൃഷ്ണനെ ചോദ്യം ചെയ്യുന്നു

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. പുത്തൂർവയൽ എആർ ക്യാംപിലാണു ചോദ്യംചെയ്യൽ നടക്കുന്നത്. ഇന്നു മുതൽ മൂന്ന് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി ഉത്തരവ്. ചോദ്യം ചെയ്യലിന് ശേഷം ഐ സി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തേക്കും.
ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ ലഭിച്ചു. ഡിജിറ്റൽ തെളിവുകളും വിജയന്റെ ഡയറിക്കുറിപ്പുകളും കെപിസിസി പ്രസിഡന്റിന് നേരത്തെ അയച്ച പരാതിയും കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ. നിയമനക്കോഴയിലൂടെയുണ്ടായ കടബാധ്യതയിൽ വിജയൻ ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് പ്രതികൾ നേരത്തെ മനസിലാക്കിയിരുന്നതായി അന്വേഷകസംഘം സ്ഥിരീകരിച്ചു. കടബാധ്യതയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുമായി വിജയൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചിരുന്നു. ഈ സംഭാഷണങ്ങളിലെ ചോദ്യങ്ങളിൽ ഉത്തരമുണ്ടായില്ല. മരണത്തിന് ഉത്തരവാദികളായ കോൺഗ്രസ് നേതാക്കളുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിലുണ്ട്. കേസിൽ പ്രതികളായ ഇവർ വിജയനെയും മകനെയും മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തത വന്നിട്ടുണ്ട്. എൻ ഡി അപ്പച്ചനും ഗോപിനാഥനും രണ്ടുപേരുടെ ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.









0 comments