എൻ എം വിജയന്റെയും മകന്റെയും മരണം; കുടുംബത്തെ അനുനയിപ്പിച്ച് വിവാദം ഒതുക്കാൻ വീണ്ടും ശ്രമം


സ്വന്തം ലേഖകൻ
Published on May 07, 2025, 12:15 AM | 1 min read
കൽപ്പറ്റ : കോൺഗ്രസ് നേതാക്കളുടെ നിയമനക്കോഴയിൽ കുടുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് വിവാദം ഒതുക്കാൻ വീണ്ടും കോൺഗ്രസ് ശ്രമം. കെപിസിസി നേതൃത്വത്തിനും പ്രിയങ്കയ്‌ക്കുമെതിരെ മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിത്തെറിച്ച വിജയന്റെ മകൻ വിജേഷ്, മരുമകൾ പത്മജ എന്നിവരുമായി കോൺഗ്രസ് നേതാക്കളായ ടി സിദ്ദിഖും എ പി അനിൽ കുമാറും ചർച്ച നടത്തി. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് ഇവർ അഭ്യർഥിച്ചു. കുടുംബത്തിന്റെ ബാധ്യത തീർക്കാമെന്ന വാഗ്‌ദാനവും ആവർത്തിച്ചു. എന്നാൽ, കുടുംബം ഇത് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പാർടിക്കുവേണ്ടി വിജയൻ നടത്തിയ ഇടപാടുകളിലൂടെ രണ്ടരക്കോടി രൂപയുടെ ബാധ്യതയാണ് കുടുംബത്തിനുള്ളത്. കെപിസിസി ഉപസമിതി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രിയങ്കാഗാന്ധി എന്നിവർ ബാധ്യത തീർക്കാമെന്ന് ഉറപ്പുനൽകിയിട്ട് നാലുമാസം പിന്നിട്ടു. ജപ്‌തി നോട്ടീസ് ലഭിച്ചതോടെയാണ് കുടുംബം നേതാക്കൾക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾ പ്രതിരോധത്തിലായ കോൺഗ്രസ് നേതൃത്വം ബാധ്യത ഏറ്റെടുക്കാമെന്ന വാഗ്‌ദാനം നൽകി കുടുംബത്തെ അനുനയിപ്പിച്ചു. പിന്നീട്, നേതാക്കൾ ഇവർ വിളിച്ചാൽ ഫോൺപോലും എടുക്കാതായി. നേരിട്ടുകാണാനും വിസമ്മതിച്ചു. കഴിഞ്ഞ നാലിന് ബത്തേരിയിലെത്തിയ പ്രിയങ്കാഗാന്ധിയും മുഖംതിരിച്ചതോടെയാണ് മകനും മരുമകളും രൂക്ഷമായി പ്രതികരിച്ചത്. നേരത്തെ, ഡിസിസി നേതൃത്വത്തിനെതിരെമാത്രം പറഞ്ഞിരുന്ന കുടുംബം കെപിസിസിക്കും പ്രിയങ്കയ്‌ക്കുമെതിരെ തിരിഞ്ഞതോടെയാണ് വീണ്ടും അനുനയതന്ത്രം സ്വീകരിച്ചത്.









0 comments