നിയമസഭാ സമ്മേളനം 15 മുതൽ; നിയമനിർമാണം പ്രധാന ലക്ഷ്യം

niyamasabha
വെബ് ഡെസ്ക്

Published on Sep 14, 2025, 03:06 PM | 2 min read

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെയുള്ള തീയതികളിൽ ആകെ 12 ദിവസം സഭ ചേരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.


ആദ്യ ദിവസം സമീപ നാളുകളിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ അന്നത്തേയ്ക്കു പിരിയും.


പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കുന്നതാണ്. ഈ സമ്മേളന കാലയളവിൽ ആദ്യം പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകൾ താഴെ പറയുന്നവയാണ്.


1.2024-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബിൽ

2.2025-ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ

3.2025-ലെ കേരള ഗുരുവായൂർ ദേവസ്വം (ഭേദഗതി) ബിൽ

4.2025-ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബിൽ

കൂടാതെ, 11.07.2024 ന് സഭയിൽ അവതരിപ്പിച്ചതിനു ശേഷം സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന 2023-ലെ കേരള പൊതുരേഖ ബിൽ ഈ സമ്മേളനത്തിൽ സഭ പരിഗണിക്കുന്നതാണ്.


2025-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (സർവ്വകലാശാലകളുടെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്.സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവണ്മെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് 15.09.2025-ന് ചേരുന്ന കാര്യോപദേശക സമിതി ചർച്ച ചെയ്തു തീരുമാനമെടുക്കും


ഒക്ടോബർ ആറിന് 2025-26 സാമ്പത്തികവർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കുന്നതാണ്. ഒക്ടോബർ ഏഴിന് ആയതിന്റെ ധനവിനിയോഗബിൽ പരിഗണിക്കുന്നതാണ്.നടപടികൾ പൂർത്തിയാക്കി ഒക്ടോബർ പത്തിന് സഭ പിരിയുന്നതാണ്.കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി വിജയകരമായി നടന്നിരുന്ന KLIBF 4-ാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെ നടത്തുവാൻ തീരുമാനിച്ചിരുന്നു. അതിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home