നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം ജനുവരി 7 മുതൽ 13 വരെ

book fest niyamasabha
വെബ് ഡെസ്ക്

Published on Dec 19, 2024, 03:43 PM | 1 min read

തിരുവനന്തപുരം> കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി ഏഴു മുതൽ 13 വരെ നിയമസഭാ മന്ദിരത്തിൽ നടക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഏഴിന് രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കർണാടക സ്‌പീക്കർ യു ടി ഖാദർ, സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവർ മുഖ്യാതിഥികളാകും.


250ലധികം സ്റ്റോളുകളിലായി 150ലധികം ദേശീയ അന്തർ-ദേശീയ പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുക. പാനൽ ചർച്ചകൾ, KLIBE DIALOGUES, KLIBF TALK, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, MEET THE AUTHOR, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകൾ, കഥയരങ്ങ്, ഏകപാത്രനാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും തുടങ്ങിയ പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികൾ സംഘടിപ്പിക്കുന്നു. 350 ഓളം പുസ്തകപ്രകാശനങ്ങളും ആറുപതിലധികം പുസ്തകചർച്ചകളും ഉണ്ടായിരിക്കും.


കുട്ടികൾക്കായി ‘സ്റ്റുഡന്റ്സ് കോർണർ’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കുന്നുണ്ട് എന്നതാണ് ഇത്തവണത്തെ സവിശേഷതകളിലൊന്ന്. വിദ്യാർത്ഥികൾക്ക് അവർ രചിച്ച പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള ഒരു വേദിയും കൂടിയാണിത്. വിദ്യാർത്ഥികൾക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകൾ ചെയ്യാൻ ഇടവേളകളിൽ അവസരം നൽകുന്നുമുണ്ട്. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിച്ചുവരുന്നു. ഇത്തവണ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ തുടങ്ങിയ പരിപാടികൾ കൂടി കുട്ടികൾക്കായി ഒരുക്കുന്നു. പുസ്തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് നിയമസഭാഹാൾ, മ്യൂസിയങ്ങൾ, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദർശിക്കാനുള്ള പാക്കേജ് ഒരുക്കുന്നുണ്ട്. കൂടാതെ കെ.എസ്.ആർ.ടി.സി. യുടെ ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.


പുസ്തകോത്സവത്തിന്റെ സ്റ്റാളുകളിൽ നിന്നും വാങ്ങുന്ന 100 രൂപയിൽ കുറയാത്ത ഓരോ പർച്ചേസിനും നൽകുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ട് എല്ലാദിവസവും 20 വിജയികൾക്ക് 500 രൂപയുടെ പുസ്തകകൂപ്പൺ നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home