ദേശീയ റാങ്കിങ് ; ഗവർണർ പതിനെട്ടടവും പയറ്റിയിട്ടും തലയുയർത്തി കേരളം

തിരുവനന്തപുരം
ആർഎസ്എസിന്റെ ക്വട്ടേഷനുമായെത്തിയ ആരിഫ് മൊഹമ്മദ്‌ഖാനും പിന്നാലെവന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും തലകുത്തിനിന്ന് പരിശ്രമിച്ചിട്ടും ദേശീയ റാങ്കിങ്ങിൽ തല ഉയർത്തിപ്പിടിച്ച് കേരളത്തിലെ സർവകലാശാലകൾ. തകർക്കാനിറങ്ങിയവർക്കുള്ള കേരളത്തിന്റെ മധുരതരമായ മറുപടിയാണ് ഇൗ നേട്ടം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിൽ മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന റാങ്കുകളാണ് ഇത്തവണ ലഭിച്ചത്. കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള കോഴിക്കോട് എൻഐടിയേക്കാൾ മുന്നിലാണ് കേരള സർവകലാശാല. ഓവറോള്‍ വിഭാഗത്തില്‍ എൻഐടി 45–ാം സ്ഥാനത്താണെങ്കിൽ കേരള 42 ആണ്. കാര്‍ഷികവും അനുബന്ധ വിഭാഗത്തിലും കാര്‍ഷിക സര്‍വകലാശാല 12 കുഫോസ് 31 ഉം റാങ്ക് നേടി.
ചാൻസലറായ ഗവർണർ വിസി നിയമനം തടസ്സപ്പെടുത്തിയും സെനറ്റിലേക്കും സിൻഡിക്കറ്റിലേക്കും യുഡിഎഫ്, ബിജെപി അംഗങ്ങളെ തിരുകികയറ്റിയും സർവകലാശാലകളിലെ ഭരണം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുമെല്ലാം നിരന്തരം പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. എന്നിട്ടും ഇത് കേരളത്തിന്റെ അക്കാദമിക നിലവാരത്തിന് ഒരു പോറൽപോലും ഏൽപ്പിച്ചില്ല എന്ന് തെളിയിക്കുന്നതാണ് ഇൗ നേട്ടങ്ങൾ.
സംസ്ഥാന സര്‍വകലാശാല വിഭാഗത്തില്‍ കേരള, കുസാറ്റ്, എംജി, കലിക്കറ്റ് സര്‍വകലാശാലകള്‍ മുന്‍വര്‍ഷത്തെക്കാള്‍ മികച്ച റാങ്കാണ് കരസ്ഥമാക്കിയത്. കേരളയും കുസാറ്റും ആദ്യ പത്തില്‍ ഇടംപിടിച്ചു. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം ഗവ. വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ് എന്നിവ 100 റാങ്കിനുള്ളില്‍ വന്നു. 300 റാങ്കിനുള്ളിലാണ് 18 ഗവ. കോളേജുകൾ. വിസി നിയമന നടപടി താമസിപ്പിക്കാന്‍ ഗവർണർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് ഇൗ നേട്ടമെന്നതും ശ്രദ്ധേയമാണ്.









0 comments