നിമിഷപ്രിയയുടെ മോചനം: സാധ്യമായത് ചെയ്തെന്ന് കേന്ദ്രം; കേസ് ആഗസ്തിലേക്ക് മാറ്റി

ന്യൂഡൽഹി: യമൻ പൗരൻ തലാൽ അബു മഹ്‌ദി കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായത് ചെയ്തെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. തുടർന്ന് കേസ് ആഗസ്ത് 14 ലേക്ക് നീട്ടി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ നീട്ടാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലാർ നടത്തിയ നിർണായക ഇടപെടലുകളെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തിന് ‘അറിയില്ലെന്ന്’ ഉത്തരം നൽകിയത്. കാന്തപുരം നടത്തിയ ഇടപെടലുകളെ കുറിച്ച് അറിവുണ്ടോയെന്നാണ് മാധ്യമപ്രവർത്തകൻ വാർത്താസമ്മേളനത്തിൽ വിദേശകാര്യ വക്താവിനോട് ചോദിച്ചത്. ‘നിങ്ങളുടെ ചോദ്യത്തിൽ പറഞ്ഞിട്ടുള്ള പോലെ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകളെ കുറിച്ച് എന്റെ പക്കൽ വിവരങ്ങൾ ഒന്നുമില്ല’– എന്നാണ് വിദേശകാര്യ വക്താവ് മറുപടി നൽകിയത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും അവരുടെ മോചനം സാധ്യമാക്കാനും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും നയതന്ത്രപരമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശം ശക്തമാണ്. ഈ സാഹചര്യത്തിലാണ്, വധശിക്ഷ നീട്ടിവെക്കാൻ കാന്തപുരം അബൂബക്കർ മുസ്ലാർ നിർണായകഇടപെടലുകൾ നടത്തിയത്. എന്നാൽ, ഈ ഇടപെടലുകൾ സംബന്ധിച്ച് ഒന്നും അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്. നിമിഷപ്രിയയുടെ കേസ് ഏറെ വൈകാരികമായ വിഷയമാണെന്നും കേന്ദ്രസർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിമിഷപ്രിയയുടെ കുടുംബത്തിന് വേണ്ട നിയമസഹായങ്ങൾ നൽകി. കുടുംബത്തെ സഹായിക്കാനായി അഭിഭാഷകനെ ചുമതലപ്പെടുത്തി. പ്രാദേശിക അധികൃതരുമായും നിമിഷപ്രിയയുടെ ബന്ധുക്കളുമായും സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. എതിർകക്ഷിയുമായി സമവായത്തിൽ എത്താൻ നിമിഷപ്രിയയുടെ കുടുംബത്തിന് വേണ്ട സമയം ഉറപ്പാക്കാൻ വേണ്ട ഇടപെടലുകളും സർക്കാർ നടത്തി. ഈ മാസം 16ന് നടപ്പാക്കേണ്ട വധശിക്ഷ നീട്ടിവെച്ച കാര്യം പുറത്തുവന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന് സൗഹൃദമുള്ള ചില സർക്കാരുകളുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു.









0 comments