വധശിക്ഷയ്‌ക്ക് പ്രസിഡന്റ് അംഗീകാരം നൽകിയപ്പോൾ സാമുവൽ അഭിനന്ദനം അറിയിച്ചെന്നും വെളിപ്പെടുത്തൽ
‘രക്തംകൊണ്ട് വ്യാപാരം നടത്തുന്നു’ ; സാമുവൽ ജെറോമിനെതിരെ തലാലിന്റെ സഹോദരൻ

ന്യൂഡൽഹി
നിമിഷപ്രിയ കേസിൽ മധ്യസ്ഥവേഷത്തിലെത്തിയ സാമുവൽ ജെറോമിനെതിരെ ആക്‌ഷൻ കൗൺസിലിന്റെ ആരോപണങ്ങൾ ശരിവച്ച് കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ സഹോദരൻ. സാമുവൽ അഭിഭാഷകനല്ലെന്നും കുടുംബവുമായി മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും തലാലിന്റെ സഹോദരൻ മഹ്‌ദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മധ്യസ്ഥതയുടെ പേരിൽ പണം കവരുന്നയാളാണ് സാമുവൽ. മലയാള മാധ്യമങ്ങൾ പരിശോധിച്ചപ്പോഴാണ് മധ്യസ്ഥതയുടെകാര്യം അറിഞ്ഞത്. നിമിഷപ്രിയ വിഷയത്തിൽ കാണുകയോ സന്ദേശമയക്കുകയോ ചെയ്‌തിട്ടില്ല. വധശിക്ഷയ്‌ക്ക് പ്രസിഡന്റ് അംഗീകാരം നൽകിയശേഷം സനയിൽ കണ്ടുമുട്ടിയപ്പോൾ സാമുവൽ ജെറോം അഭിനന്ദനം അറിയിക്കുകയാണ് ചെയ്‌തത്. വർഷങ്ങളായി മധ്യസ്ഥതയുടെപേരിൽ രക്തംകൊണ്ട് സാമുവൽ വ്യാപാരം നടത്തുകയാണെന്നും മഹ്‌ദി ആരോപിച്ചു.
മറിച്ചാണെങ്കിൽ തെളിയിക്കാനും തലാലിന്റെ സഹോദരൻ വെല്ലുവിളിക്കുന്നുണ്ട്.
സാമുവൽ ജെറോമിന്റെ ഇടപെടലുകളിൽ നിമിഷപ്രിയ ആക്‌ഷൻ കൗൺസിൽ നേരത്തെ സംശയങ്ങളുന്നയിച്ചിരുന്നു. 2024 ഡിസംബർ മുതൽ ഇയാൾ ആക്‌ഷൻ കൗൺസിലിന്റെ ഭാഗമല്ല. ഡിസംബർ 27ന് രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 17 കോടി രൂപ എംബസി മുഖേന ട്രാൻസ്‌ഫർ ചെയ്‌തുനൽകിയ ഉടനെ സ്വമേധയാ ഗ്രൂപ്പ് വിട്ട് പുറത്തുപോയി.
പ്രവർത്തനങ്ങളെക്കുറിച്ച് കൗൺസിൽ ചോദ്യങ്ങൾ ഉന്നയിച്ചതാണ് പുറത്തുപോകാൻ കാരണമെന്ന് ആക്‌ഷൻ കൗൺസിൽ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ പറഞ്ഞു. കാന്തപുരത്തിന്റെ ഇടപെടൽ തള്ളി കേന്ദ്രസർക്കാരാണ് വധശിക്ഷ നീട്ടാൻ സഹായിച്ചതെന്ന് പറഞ്ഞ് സാമുവൽ ജെറോം മാധ്യമങ്ങൾക്ക് മുന്നിലെത്തി. ജെറൊമിനൊപ്പം ചാനലുകളിൽ പ്രതികരിച്ച വൈസ് ചെയർമാൻ ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ എന്നിവരെ മാറ്റിനിർത്തിയതായും നിമിഷയുടെ മോചന ശ്രമങ്ങൾക്ക് തടസ്സമാകരുതെന്ന് കരുതിയാണ് ഇക്കാര്യം ഔദ്യോഗികമായി പങ്കുവയ്ക്കാതിരുന്നതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.









0 comments