നിമിഷപ്രിയയുടെ മോചനം ; മധ്യസ്ഥ സംഘത്തെ അയക്കുന്നത് കേന്ദ്രം തീരുമാനിക്കണം

ന്യൂഡൽഹി
നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി മധ്യസ്ഥ സംഘത്തെ യമനിൽ പോകാൻ അനുവദിക്കുന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തോട് മാപ്പപേക്ഷിക്കാനും ദിയാധന ചർച്ച നടത്താനും ആറംഗ നയതന്ത്ര–-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ ഇന്റർനാഷണൽ ആക്‌ഷൻ കൗൺസിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ളിയാഴ്‌ച ഹർജി പരിഗണിച്ചപ്പോൾ, കേന്ദ്രസർക്കാർ സാധ്യമായതെല്ലാം ചെയ്‌തതായി അറ്റോർണി ജനറൽ ആർ വെങ്കടരമണി അറിയിച്ചു. നിമിഷപ്രിയയുടെ അമ്മ യമനിലുണ്ട്. മറ്റ് ഇടപെടലുകൾ ഗുണംചെയ്‌തേക്കില്ല– എജി വാദിച്ചു.
എന്നാൽ, സങ്കീർണമായ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ നിമിഷപ്രിയയുടെ അമ്മയ്‌ക്ക് പരിമിതികളുണ്ടെന്ന് ആക്‌ഷൻ കൗൺസിലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി.
ആരുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് ഫലമുണ്ടാകുന്നതെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്‌ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. മധ്യസ്ഥ സംഘത്തിന് യമനിലേക്ക് പോകാൻ അനുമതി നൽകണമെന്നടക്കം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകാൻ ആക്‌ഷൻ കൗൺസിലിനോട് സുപ്രീംകോടതി നിർദേശിച്ചു. ആക്‌ഷൻ കൗൺസിൽ പ്രതിനിധി അഡ്വ. കെ ആർ സുഭാഷ്‌ചന്ദ്രൻ, ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട്, മർക്കസ് പ്രതിനിധികൾ അഡ്വ. ഹുസൈൻ സഖാഫി, ഹാമിദ് എന്നിവര്‍ക്ക് യമനിൽ പോകാൻ അനുമതി നൽകണമെന്നാണ് ആവശ്യം. കേന്ദ്രം നിർദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിന്റെ ഭാഗമാക്കാമെന്നും ആക്‌ഷൻ കൗൺസിൽ പറയുന്നു. നിവേദനം ലഭിച്ചാൽ ഉചിത തീരുമാനമെടുക്കാൻ നിർദേശിക്കാമെന്ന് എജി ഉറപ്പുനൽകി.









0 comments