നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച

നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പുറത്തുവരും. രാവിലെ എട്ടു മണിമുതൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ.
രാവിലെ 7.30ന് സ്ട്രോങ് റൂം തുറക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുക. 1403 പോസ്റ്റൽവോട്ടുകളാണുള്ളത്. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലൂടെ– 163, വീട്ടിലെ വോട്ടിലൂടെ– 1206 (ഭിന്നശേഷിക്കാർ- 310, മുതിർന്ന പൗരന്മാർ– 896), സർവീസ് വോട്ട്– 34 എന്നിങ്ങനെയാണിത്.
ജൂൺ 19 ലെ വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്.
തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബുത്തിലെ വിവി പാറ്റ് സ്ലിപ്പുകളും ഇവിഎം വോട്ടുകളും താരതമ്യംചെയ്ത് കൃത്യത ഉറപ്പാക്കും. 19 റൗണ്ടായാണ് ഇവിഎം വോട്ടുകളെണ്ണുക. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടാണ് എണ്ണുന്നത്. അവസാന റൗണ്ടിൽ 11 ബൂത്തുകളുണ്ടാകും.
263 പോളിങ് ബൂത്തുകളാണ് ആകെയുള്ളത്. എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥി. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി. അഡ്വ. മോഹൻ ജോർജ് എൻഡിഎ സ്ഥാനാർഥിയുമാണ്. മുൻ എംഎൽഎ പി വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചു.
രാഷ്‌ട്രീയ വഞ്ചനയെത്തുടർന്ന് അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണെങ്കിലും വോട്ടെടുപ്പിന്റെ ഫലം രാഷ്‌ട്രീയ കേരളത്തിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ ദിശാസൂചികയാകും. മതനിരപേക്ഷ രാഷ്‌ട്രീയം ഉയർത്തിപ്പിടിച്ചിട്ടുള്ള ജനതയാണ് നിലമ്പൂരിലേത്. ചർച്ചകൾ വഴിതിരിക്കാൻ ആദ്യവസാനം ചില ശ്രമങ്ങളുണ്ടായെങ്കിലും മണ്ഡലത്തിൽ സജീവമായി നിന്നത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന രാഷ്‌ട്രീയം തന്നെയായിരുന്നു. നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും ഉപതെരഞ്ഞെടുപ്പ് ചരിത്രവും എൽഡിഎഫിന് അനുകൂലമാണ്. 1965ൽ രൂപീകരണം മുതൽ ഏഴുതവണ ഇടതുപക്ഷത്തെ നിയമസഭയിലേക്കയച്ച മണ്ഡലമാണ് നിലമ്പൂർ.
കഴിഞ്ഞ ഒമ്പതുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ വികസനക്കുതിപ്പുനേടിയ നാടുകൂടിയാണ് നിലമ്പൂർ. 1800 കോടി രൂപയുടെ പദ്ധതികളാണ് തേക്കിൻ നാടിന് അനുവദിച്ചത്. പശ്ചാത്തല, സേവന മേഖലകൾക്കെല്ലാം മികവേറി. 15.25 കോടി രൂപ ചെലവൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമായി. 23 സർക്കാർ വിദ്യാലയങ്ങൾ 41.31 കോടി രൂപ ചെലവിൽ മികവിലേക്ക് ഉയരുന്നു. വനാന്തരങ്ങളിലെ പ്രധാന ഗോത്ര നഗറുകളിൽ 4.92 കോടി രൂപ ചെലവിൽ വൈദ്യുതിയെത്തി. കായികപ്രേമികളുടെ സ്വപ്‌നങ്ങൾക്ക് നിറംപകർന്ന് നിലമ്പൂർ മാനവേദൻ സ്‌കൂളിൽ മിനി സ്റ്റേഡിയമെത്തി. നിലമ്പൂർ ഐടിഐ ഹോസ്റ്റലുകൾ, ജില്ലാ ആശുപത്രി നേത്രരോഗ–- ഡയാലിസിസ് വിഭാഗം എന്നിവിടങ്ങളിൽ സൗകര്യമൊരുക്കി. ബ്ലഡ് ബാങ്ക് കെട്ടിടം പ്രവൃത്തി പൂർത്തിയാക്കി. 290 കോടി രൂപ ചെലവിൽ 23 റോഡുകൾ നിർമിച്ചു.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതിയിൽ 699.34 കോടി രൂപ ചെലവഴിച്ചു. 81.80 കോടി രൂപ ചെലവിൽ പത്ത് പ്രധാന പാലങ്ങൾ നിർമിച്ചു. സംസ്ഥാന സർക്കാരിന്റെ പൈലറ്റ് പദ്ധതിയായ മലയോര ഹൈവേ നിർമാണത്തിന് 165 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 2323 കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീടുകൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 4496 കുടുംബങ്ങൾക്ക് 7,55,36,300 രൂപ അനുവദിച്ചു.
പ്രളയദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് 154.76 കോടി രൂപ അനുവദിച്ചു. അടിസ്ഥാന വികസന പദ്ധതികൾക്കായി 39.80 കോടി രൂപ ചെലവഴിച്ചു. മനുഷ്യ–-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 16 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. നിലമ്പൂർ കനോലി ബയോ പാർക്ക് ടൂറിസം ഹബ് ആദ്യഘട്ടം പൂർത്തിയായി. രണ്ടുകോടി രൂപ ചെലവിലാണ് ടൂറിസം പ്രൊജക്‌ട് നടപ്പാക്കുന്നത്. ദേശീയ നിലവാരത്തിൽ 16 കോടി സിആർഎഫ് ഫണ്ട് ഉപയോഗിച്ച് ചന്തക്കുന്ന് --നെടുങ്കയം റോഡ് പൂർത്തീകരിച്ചു. നിലമ്പൂർ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നവീകരിച്ചു. ഗോത്രമേഖലയിൽ ഉൾപ്പെടെ 800–-ലധികം കുടുംബങ്ങൾക്ക് പട്ടയം നൽകി. നിലമ്പൂർ ബൈപാസ് നിർമാണത്തിന് 227.18 കോടി രൂപയുടെ ഭരണാനുമതിയായി.
0 comments