നിലമ്പൂരിൽ വലിയ വിജയം നേടും; നല്ല രാഷ്ട്രീയപോരാട്ടം നടത്തി: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല രാഷ്ട്രീയപോരാട്ടം നടത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വലിയ വിജയം എൽഡിഎഫിനുണ്ടാകും. രാഷ്ട്രീയമൊന്നും പറയാനില്ലാതിരുന്ന യുഡിഎഫ് നാടകങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്. രാഷ്ട്രീയമുദ്രാവാക്യമുയർത്തി പ്രവർത്തിക്കാൻ യുഡിഎഫിനായില്ല. കണ്ണിൽ പൊടിയിടാനുള്ള യുഡിഎഫിന്റെ ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിന്ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല പ്രവർത്തനം കാഴ്ചവെച്ചു. മതനിരപേക്ഷ ഉള്ളടക്കത്തെ ഉയർത്തിക്കാണിക്കാനും വർഗീയകൂട്ടുകെട്ടുകളെ തുറന്നുകാണിക്കാനും സാധിച്ചു. എം സ്വരാജിന്റെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ കേരളത്തിലും നിലമ്പൂരിലും വലിയ സ്വീകാര്യതയാണ് നേടാനായത്. പോളിങ് കഴിഞ്ഞപ്പോൾ എൽഡിഎഫിന് വലിയ വിജയം ഉറപ്പാക്കാനാകുന്നു എന്നതാണ് വസ്തുത. യുഡിഎഫിലും കോൺഗ്രസിനകത്തുമുണ്ടായ തർക്കങ്ങൾ കൂടുതൽ ശക്തിയായി പുറത്തുവരുന്നതിനും ഈ ഫലം ഇടയാക്കും. നിലമ്പൂരിന് ശേഷം യുഡിഎഫിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകും. ശരിയായ രാഷ്ട്രീയ നിലപാട് എടുത്തുകൊണ്ട് യുഡിഎഫിനെ തകർക്കുന്നതിനു എൽഡിഎഫ് മുന്നേറ്റം രൂപപ്പെടുത്താനും തെരഞ്ഞെടുപ്പിൽ സാധിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
0 comments