നിലംപൂത്തു ; ഇനി ചുവപ്പ് വസന്തം , ഇന്ന് നിശബ്ദ പ്രചാരണം

എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നിലമ്പൂർ ടൗണിൽ നടന്ന കൊട്ടിക്കലാശത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: സുമേഷ് കോടിയത്ത്
റഷീദ് ആനപ്പുറം
Published on Jun 18, 2025, 02:01 AM | 1 min read
നിലമ്പൂർ
മഴയിൽ നിറഞ്ഞൊഴുകുന്ന ചാലിയാറിനേക്കാൾ ചടുലമായിരുന്നു നിലമ്പൂരിലെ ആൾപ്പുഴയുടെ ഒഴുക്ക്. പിന്നെയതൊരു മനുഷ്യ സാഗരമായി, ചെങ്കടലായി നഗരത്തിൽ പടർന്നു. നുണക്കഥകളുടെ ഒരു പേമാരിക്കും തോൽപ്പിക്കാനാവാത്ത നിസ്വരായ മനുഷ്യർ ഒരൊറ്റ ശബ്ദത്തിൽ ഒന്നിച്ചൊരു ഇൻക്വിലാബായി മുഴങ്ങി. നഗരമാകെ ഹൃദയത്തിൽ ചേർത്ത് ആർത്തു വിളിച്ചു... എം സ്വരാജ് സിന്ദാബാദ്.
നവകേരളത്തിനൊപ്പം നിലമ്പൂരിനെയും ചേർത്തണയ്ക്കാനുള്ള മുന്നേറ്റത്തിന് മലപ്പുറത്തിന്റെ മലയോരമാകെ ഒഴുകിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ കൊട്ടിക്കലാശം ജനതയുടെ സ്‌നേഹവായ്‌പിൻ മാധുര്യമായി. കൊട്ടിക്കയറിയ പരസ്യപ്രചാരണം ചൊവ്വ വൈകിട്ട് ആറിന് അവസാനിച്ചതോടെ ഇനി ഒരുനാൾ നിശബ്‌ദ പ്രചാരണം. തുടർന്ന് വ്യാഴാഴ്‌ച വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. ചൊവ്വാഴ്‌ച നിലമ്പൂർ ടൗണിലായിരുന്നു എല്ലാ സ്ഥാനാർഥികളുടെയും കൊട്ടിക്കലാശം.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റോഡ്‌ഷോയായി തുറന്ന വാഹനത്തിൽ സ്വരാജ് നിലമ്പൂർ ടൗണിലെത്തി. ബാന്റും ചെണ്ടയും ആർപ്പുവിളികളും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. തുറന്ന ജീപ്പിൽനിന്നിറങ്ങി സ്വരാജ് ഡിജെ ജീപ്പിന്റെ ഉച്ചിയിൽ കയറി വോട്ടർമാരെ അഭിവാദ്യം ചെയ്‌തതോടെ ആവേശം ആകാശത്തോളമായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ വിജയരാഘവൻ, പി പി സുനീർ, സത്യൻ മൊകേരി, പി കെ ബിജു, സി ബി ചന്ദ്രബാബു, അഡ്വ കെ അനിൽകുമാർ എന്നിവരും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.
ചെട്ടിയങ്ങാടി ജങ്‌ഷനിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണസമാപനം. തൊട്ടടുത്തായി എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണം.
263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് വ്യാഴാഴ്‌ച വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്. 23നാണ് വോട്ടെണ്ണൽ.









0 comments