നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആദ്യം എണ്ണിയത് വഴിക്കടവ്

മലപ്പുറം: നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. രാവിലെ 7.30ന് സ്ട്രോങ് റൂം തുറന്നു. എട്ടുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആദ്യമെണ്ണിയ വഴിക്കടവ് പഞ്ചായത്തിലെ യുഡിഎഫ് ബൂത്തുകളിൽ എൽഡിഎഫ് ആധിപത്യം നേടി. ആറു ബൂത്തുകളിലാണ് സ്വരാജ് ലീഡ് നേടിയത്. ബിജെപിക്ക് വോട്ടു കുറഞ്ഞു.
എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥി. ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയും അഡ്വ. മോഹൻ ജോർജ് എൻഡിഎ സ്ഥാനാർഥിയുമാണ്. മുൻ എംഎൽഎ പി വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചു. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഒരു റൗണ്ടിൽ 14 ബൂത്തുകളിലെ വോട്ടാണ് എണ്ണുന്നത്. അവസാന റൗണ്ടിൽ 11 ബൂത്തുകളുണ്ടാകും. 263 പോളിങ് ബൂത്തുകളാണ് ആകെയുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇടിപിബിഎസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്.
25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിങ് സൂപ്പർവൈസർമാർ, 30 കൗണ്ടിങ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചു. എല്ലാ റൗണ്ടുകളിലും വോട്ട് എണ്ണി കഴിഞ്ഞതിന് ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച വിവിപാറ്റ് കൗണ്ടിങ് ബൂത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നിരീക്ഷകരുടെ സാന്നിധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
വോട്ടെണ്ണൽ നടപടികൾ പൂർണമായി സിസി ടി വി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ പ്രക്രിയ നിരീക്ഷണത്തിന് സ്ഥാനാർഥികൾക്കും, ഏജന്റുമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബുത്തിലെ വിവി പാറ്റ് സ്ലിപ്പുകളും ഇവിഎം വോട്ടുകളും താരതമ്യംചെയ്ത് കൃത്യത ഉറപ്പാക്കും. 19 റൗണ്ടായാണ് ഇവിഎം വോട്ടുകളെണ്ണുക.









0 comments