വിങ്ങലായി അനന്തു; കണ്ണീരോടെ വിട നൽകി നാട്

നിലമ്പൂർ: ഒരു നാടിന്റെ മുഴുവൻ യാത്രാ മൊഴി ഏറ്റുവാങ്ങി അനന്തു വിടപറഞ്ഞു. അവൻ യാത്ര പറയുമ്പോൾ ആ നാടാകെ വിങ്ങലോടെ നോക്കി നിന്നു. അവസാനമായി ഒരു നോക്കുകാണാൻ എത്തിയവരാർക്കും കണ്ണീർ ഉതിർക്കാതെ മടങ്ങാനായില്ല. മകന്റെ അപ്രതീക്ഷിത വേർപാടിൽ ഉള്ളുലഞ്ഞ ആ കുടുംബത്തിനെ ആശ്വസിപ്പിച്ചും ദുഖത്തിൽ പങ്കു ചേർന്നും നൂറുകണക്കിന് മനുഷ്യരാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്ക് എത്തിയത്. വീണ്ടും കാണാം എന്ന് പറഞ്ഞ് മടങ്ങിയ സുഹൃത്തിനെ അവസാനമായി കണാനെത്തിയ സഹപാഠികൾക്കും കണ്ണീരടക്കാനായില്ല.
വഴിക്കടവ് വെള്ളക്കെട്ടയിലെ വീട്ടിലെ പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം കുട്ടിക്കുന്ന് ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ഓടെയാണ് അനന്തുവിന്റെ സംസ്കാരം നടന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിങ്ങനെ അനന്തുവിന് അന്ത്യോപചാരമെത്തിക്കാൻ നിരവധിയാളുകളാണ് വെള്ളക്കെട്ടയിലെ വീട്ടിലേക്കെത്തിയത്. വീടിന്റെ സമീപത്തെ സ്മശാനത്തിൽ അവനുറങ്ങുമ്പോൾ ഒരു നാടിന്റെ മുഴുവൻ നോവായി, വിങ്ങലായി ബാക്കിയാവുകയാണ് അനന്തു.

ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അനന്തുവിന്റെ മരണം ഷോക്കേറ്റാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്.
സംഭവത്തിൽ പ്രതി വിനീഷ് പിടിയിലായിട്ടുണ്ട്. അനന്തു ഷോക്കേറ്റ് മരണപ്പെട്ടപ്പോൾ വിനീഷ് സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷോക്കേറ്റ കുട്ടികളെ രക്ഷിക്കാൻ ഇയാൾ തയ്യാറായില്ല. ആളുകൾ കൂടിയപ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്ത് പണവും വസ്ത്രവും എടുത്തുവെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് വിനീഷ് പിടിയിലായത്.









0 comments