മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രി പോസ്റ്റുമോർട്ടം പുനരാംഭിച്ചു


സ്വന്തം ലേഖകൻ
Published on May 15, 2025, 08:56 PM | 1 min read
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റുമോർട്ടം പുനരാംഭിച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളി ഗഫൂറിന്റെ മൃതദേഹം രാത്രി പോസ്റ്റ്‌മോർട്ടം നടത്തിയാണ് വിട്ടുനൽകിയത്. വ്യാഴാഴ്ച ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ, ഡോ. ലെവീസ് വസീം, ഡോ. വി എസ് ജിജു, ഡോ. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. വൈകിയെത്തുന്ന മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേദിവസമാണ് പോസ്റ്റുമോർട്ടം നടത്താറ്. ഇത് ബന്ധുക്കൾക്കും മറ്റും വലിയ ബുദ്ധിമുട്ടാണ്. വ്യാഴം രാവിലെ ഏഴോടെയാണ് റബർ തോട്ടത്തിൽ ഗഫൂറിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഉച്ചയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം പരിശോധന നടപടികൾ പൂർത്തിയാക്കി. വൈകിട്ട് 4.30ഓടെയാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്. രാത്രി 7.45ഓടെ പൂർത്തിയായി. നടപടികൾ പൂർത്തിയാക്കി എട്ടിന് മുമ്പുതന്നെ മൃതദേഹം വിട്ടുനൽകി.
സംസ്ഥാനത്ത് മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആദ്യമായി രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങിയത്. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ഇല്ലാത്തതിനാൽ കോടതി ഉത്തരവിൽ രണ്ടുമാസമായി നിർത്തിവെക്കേണ്ടിവന്നു. ഇതിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തി. ഹൈക്കോടതി അനുകൂല നിലപാട് എടുത്തതോടെ കഴിഞ്ഞ ദിവസമാണ് രാത്രികാല പോസ്റ്റുമോർട്ടം നടത്താനുള്ള നടപടികൾ പുനരാംഭിച്ചത്. കൊലപാതകം, പീഡനത്തെത്തുടർന്നുള്ള മരണം, വിഷബാധയേറ്റ് മരിച്ചവർ, സംശയാസ്പദമായ സാഹചര്യത്തിൽ കിട്ടുന്ന മൃതദേഹം എന്നിവ ഒഴിച്ചുള്ളവയാകും രാത്രി പോസ്റ്റുമോർട്ടം നടത്തുക. വലിയ ദുരന്തങ്ങളും മറ്റുമുണ്ടായാൽ 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുമെന്ന് ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ഇതിനകം അൻപതോളം മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. വകുപ്പ് മേധാവി ഉൾപ്പടെ ആറു ഡോക്ടർമാർ നിലവിൽ ഫൊറൻസിക് വിഭാഗത്തിലുണ്ട്. കൂടുതൽ ഡോക്ടർമാർ, മോർച്ചറി ടെക്‌നീഷ്യൻസ്, അറ്റൻഡർ, സുരക്ഷാ ജീവനക്കാർ എന്നിവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തുനൽകിയതായും ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.









0 comments