ഹൃദയമേ... പോയ്‌ വരൂ ; കേരളത്തിന്റെ നിധി ഇനി ജാർഖണ്ഡിന്‌

Nidhi
വെബ് ഡെസ്ക്

Published on Jul 08, 2025, 03:15 AM | 2 min read


കൊച്ചി

സിനിയുടെ മാറോട്‌ ചേർന്നുറങ്ങുകയായിരുന്നു കേരളത്തിന്റെ സ്വന്തം നിധി. ഉറക്കത്തിനിടെ അവളുടെ ചുണ്ടിൽ ഇടയ്‌ക്കിടെ ചെറുപുഞ്ചിരി തെളിഞ്ഞു. അത്‌ കണ്ടപ്പോൾ സിനിയുടെയും ഒപ്പമുള്ളവരുടെയും മനസ്സിൽ സന്തോഷം വിടർന്നു. എന്നാൽ, ഇനി ആ ചിരിയും കൊഞ്ചലും അന്യമാകുമെന്നോർത്തപ്പോൾ സങ്കടമായി. കുഞ്ഞിന്റെ നല്ല ഭാവിക്കായല്ലേ എന്നോർത്തപ്പോൾ ആഹ്ലാദം മടങ്ങിയെത്തി.


കേരളത്തിന്റെ നിധി ഇനി ജാർഖണ്ഡിന്‌ സ്വന്തമാണ്‌. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജാർഖണ്ഡ്‌ സ്വദേശികളായ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഹൃദയത്തോട്‌ ചേർത്താണ്‌ വളർത്തിയത്‌. ജാർഖണ്ഡ്‌ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നിധിയുമായി ജില്ലാ ശിശുവികസന ഓഫീസർ കെ എസ്‌ സിനിയും സംഘവും ജാർഖണ്ഡിലേക്ക്‌ തിരിച്ചത്‌.


‘‘സന്തോഷമുണ്ട്‌. നല്ല വിഷമവും. എന്നാൽ, ഇത്‌ കുഞ്ഞിന്റെ നല്ല ഭാവിക്കായാണ്‌. അവൾ വളരേണ്ടത്‌ അവളുടെ നാട്ടിൽ, അവരുടെ ഭാഷയിൽ, സംസ്‌കാരത്തിലാണ്‌. തീർച്ചയായും ഇത്‌ ചെയ്‌തേ തീരൂ’’–- ട്രെയിനിൽ കയറുംമുമ്പ്‌ സിനി പറഞ്ഞു. ജാർഖണ്ഡ്‌ സിഡബ്ല്യുസിയാണ്‌ കുഞ്ഞിനെ മാതാപിതാക്കൾക്ക്‌ മടക്കിനൽകുന്നതിൽ തീരുമാനമെടുക്കുകയെന്ന്‌ ജില്ലാ സിഡബ്ല്യുസി ചെയർമാൻ വിൻസെന്റ്‌ ജോസഫ്‌ പറഞ്ഞു. സ്വീകരിക്കാൻ തയ്യാറാണെന്ന്‌ മാതാപിതാക്കൾ അറിയിച്ചിരുന്നു. അവരുടെ സാമ്പത്തികസ്ഥിതി മോശമെന്നാണ്‌ ജാർഖണ്ഡ്‌ സമിതിയുടെ റിപ്പോർട്ട്‌. തൽക്കാലം നൽകാൻ പ്രയാസമുണ്ട്‌. നേരത്തേ കുഞ്ഞിനെ ഉപേക്ഷിച്ചതും കണക്കിലെടുത്തിരുന്നു–-വിൻസെന്റ്‌ പറഞ്ഞു.


ജനുവരി 29ന്‌ എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. കുഞ്ഞ്‌ മരിച്ചെന്ന ധാരണയിൽ മാതാപിതാക്കളായ മംഗലേശ്വറും രഞ്ജിതയും കടന്നു. ആശുപത്രിയിൽ നൽകാൻ പണമില്ലാതിരുന്നതും ഉപേക്ഷിക്കാൻ കാരണമായെന്ന്‌ ഇവർ പിന്നീട്‌ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ കുഞ്ഞിനെ ഏറ്റെടുത്ത്‌ പരിചരണവും വൈദ്യസഹായവും ഉറപ്പാക്കി. ആരോഗ്യമന്ത്രി വീണാ ജോർജ്‌ ‘നിധി’യെന്ന്‌ പേരിട്ടു. കറുകുറ്റിയിലെ ശിശുഭവനിലായിരുന്നു കുഞ്ഞ്‌. കുഞ്ഞിനെ ഉപേക്ഷിച്ചതിൽ നോർത്ത്‌ പൊലീസ്‌ കേസെടുത്തിരുന്നു. ഇതിനിടെ കൊച്ചിയിൽ ഓൾ ഇന്ത്യ പൊലീസ്‌ ബാഡ്‌മിന്റണിൽ പങ്കെടുത്ത ജാർഖണ്ഡുകാരായ പൊലീസുകാരോട്‌ എസ്‌ഐ കെ പി റെജി ഈ സംഭവം പറഞ്ഞു. അവരുടെ സഹായത്തോടെയാണ്‌ മാതാപിതാക്കളെ കണ്ടെത്തിയത്‌. കുഞ്ഞ്‌ മരിച്ചെന്ന ധാരണയിലായിരുന്ന ഇവർ, എല്ലാം അറിഞ്ഞപ്പോൾ ഏറ്റെടുക്കാൻ സന്നദ്ധരായി. കേരളത്തിലെത്തി പൊലീസ്‌ സ്‌റ്റേഷനിലും സിഡബ്ല്യുസിയിലും ഹാജരായി മൊഴിയും നൽകി. ജീവനും സ്‌നേഹവും പകർന്ന കേരളത്തിലേക്ക്‌ നിധി മിടുക്കിയായി ഒരിക്കൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ്‌ അവളെ ഇഷ്ടപ്പെടുന്നവർ.



Tags
deshabhimani section

Related News

View More
0 comments
Sort by

Home