'നിധി'ക്കായി മാതാപിതാക്കൾ ; ശിശുക്ഷേമസമിതി മൊഴിയെടുത്തു

കൊച്ചി : "നിധി'യുടെ മാതാപിതാക്കൾ കാക്കനാട് ശിശുക്ഷേമസമിതി ഓഫീസിലെത്തി മൊഴിനൽകി. ചൊവ്വ പകൽ മൂന്നോടെയാണ് ജാർഖണ്ഡ് സ്വദേശികളായ മംഗലേശ്വരും രഞ്ജിതയും കാക്കനാട് എത്തി ശിശുക്ഷേമസമിതി ചെയർമാൻ വിൻസെന്റ് ജോസഫുമായി സംസാരിച്ചത്. വീഡിയോകോളിലൂടെ കുട്ടിയെ കാണുകയും ചെയ്തു.
കുട്ടിയെ കൊണ്ടുപോകാനാണ് മാതാപിതാക്കളുടെ താൽപ്പര്യം. സ്വകാര്യ ആശുപത്രിയിൽ നൽകാൻ പണമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്നാണ് ഇരുവരും പറഞ്ഞത്.
മാതാപിതാക്കൾ സന്തോഷത്തിലാണെന്നും കുട്ടിയെ വേണമെന്ന് അറിയിച്ചതായും വിൻസെന്റ് ജോസഫ് പറഞ്ഞു. എന്നാൽ, ജാർഖണ്ഡ് സിഡബ്ല്യുസിയുടെ റിപ്പോർട്ട് ലഭിച്ചശേഷംമാത്രമേ കൈമാറാനാകൂ.
മാതാപിതാക്കൾക്ക് കുഞ്ഞിനെ പരിപാലിക്കാനുള്ള സാമൂഹ്യ–- സാമ്പത്തിക ചുറ്റുപാടുണ്ടോ, കുഞ്ഞിനെ വീണ്ടും ഉപേക്ഷിക്കാൻ സാധ്യതയുണ്ടോ എന്നെല്ലാം പരിശോധിക്കുന്ന സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (എസ്‌ഐടി) 13 ദിവസത്തിനകം ലഭിച്ചേക്കും. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കി, ജാഗ്രതയോടെമാത്രമേ തീരുമാനം എടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.









0 comments