തൃശൂർ–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ; ഒരാഴ്‌ചയ്‌ക്കകം കൂടുതൽ നടപടിയെന്ന് ദേശീയപാത അതോറിറ്റി

കൊച്ചി
ദേശീയപാത 544ലെ തൃശൂർ–ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് കുറഞ്ഞു. ഒരാഴ്ചയ്‌ക്കകം കൂടുതൽ നടപടിയെടുക്കും. ടോൾ നിർത്തിവയ്‌ക്കുന്നത് ഗതാഗതക്കുരുക്കിന് പരിഹാരമാർഗമല്ലെന്നും റിപ്പോർട്ടിൽ അറിയിച്ചു. തുടർന്ന് ഗതാഗതക്കുരുക്കിന്റെ രൂക്ഷതയടക്കം പരിഗണിക്കുന്നതിനായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജി വ്യാഴാഴ്ചയിലേക്ക് മാറ്റി.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ പാലിയേക്കര ടോൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയാണ് പരിഗണിച്ചത്. കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ പരിഹാര നടപടിക്കായി ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച അനുവദിച്ചിരുന്നു. നടപടിയെടുത്തില്ലെങ്കിൽ ടോൾ നിർത്തിവയ്‌ക്കാൻ നിർദേശിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, സമാന വിഷയത്തിൽ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മറ്റൊരു ഹർജി വന്നു. അതിലെ ഉത്തരവിനെ തുടർന്ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഈ യോഗത്തിലെ ഭൂരിഭാഗം തീരുമാനങ്ങളും നടപ്പാക്കിയെന്നും ഈ ആഴ്ച വീണ്ടും യോഗം ചേരുന്നുണ്ടെന്നും അറിയിച്ചു. തുടർന്നാണ് ഹർജികൾ മാറ്റിയത്.









0 comments