ദേശീയപാത വികസനം 
70 ശതമാനം പൂർത്തിയായി

NH widening in kerala
വെബ് ഡെസ്ക്

Published on Aug 09, 2025, 01:17 AM | 1 min read


തിരുവനന്തപുരം

കേരളത്തിന്റെ ഗതാഗതരംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുന്ന കാസർകോട് –തിരുവനന്തപുരം ദേശീയപാത 66ന്റെ നിർമാണം 70 ശതമാനം പൂർത്തിയായി. ആകെയുള്ള 644 കിലോമീറ്ററിൽ 400 കിലോമീറ്ററിലധികം ആറുവരിയായി നിർമിച്ചെന്ന്‌ ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത പ്രവൃത്തികൾ അവലോകനം ചെയ്യാൻ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാത അതോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം രാമനാട്ടുകര–വളാഞ്ചേരിയിലെ നിർമാണം 99.1 ശതമാനവും വളാഞ്ചേരി – കാപ്പിരിക്കാട് സ്ട്രെച്ചിന്റെ നിർമാണം 98.4 ശതമാനവും കോഴിക്കോട് ബൈപ്പാസ് 96 ശതമാനവും പൂർത്തിയായി.


നീലേശ്വരം ടൗൺ ആർഒബി, ഇടപ്പള്ളി -വൈറ്റില–അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലോളി പാലം എന്നിങ്ങനെ ഏഴ് സ്ട്രെച്ചുകളിൽ നിർമാണം നേരത്തെ പൂർത്തിയായിരുന്നു.


ദേശീയപാത പ്രവൃത്തികൾ ഗുണനിലവാരം ഉറപ്പാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. നിലവിൽ പുരോഗതി കൈവരിക്കാത്ത സ്ട്രെച്ചുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാര നടപടികൾ ഉണ്ടാകണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിങ് പോലുള്ള പ്രവൃത്തികൾ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികൾ പൂർത്തിയാക്കണം. സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായവും മന്ത്രി ഉറപ്പുനൽകി.


യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, അഡീഷണൽ സെക്രട്ടറി എ ഷിബു, ജില്ലാ കലക്ടർമാർ, ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ, വിവിധ പ്രൊജക്ട് ഡയറക്ടർമാർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home