ദേശീയപാത 66 വികസനം ; വിദഗ്‌ധ പരിശോധന നിർമാണത്തെ ബാധിക്കില്ല, 3 റീച്ച് ജൂലൈയിൽ പൂർത്തിയാകും

തിരുവനന്തപുരം
ചിലയിടത്ത് മണ്ണിടിച്ചിലും വിള്ളലുമുണ്ടായ ദേശീയപാത 66ന്റെ എല്ലാ ഭാഗങ്ങളിലും വിദഗ്‌ധ പരിശോധന നടക്കുമെങ്കിലും നിർമാണത്തെ ബാധിക്കില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. നിർമാണം 90 ശതമാനത്തിലേറെ പൂർത്തിയായ മൂന്ന് റീച്ച് ജൂലൈ അവസാനം തുറക്കും. തലപ്പാടി– ചെങ്കള, കോഴിക്കോട് ബൈപാസ്, വളാഞ്ചേരി–കാപ്പിരിക്കാട് സട്രെച്ചുകളാണ് പൂർത്തിയാകുക. ഡിസംബറോടെ പദ്ധതി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 19 സ്ട്രെച്ചുകളിൽ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
ആകെ 701.451 കിലോമീറ്റർ ദേശീയപാതയിൽ 600 കിലോമീറ്ററോളം നിർമാണം പൂർത്തിയായി. നീലേശ്വരം ടൗൺ ആർഒബി, എടപ്പള്ളി-വൈറ്റില– അരൂർ, കാരോട്– മുക്കോല, മുക്കോല –കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട്- പാലൊളി പാലം എന്നിങ്ങനെ ഏഴ് സ്ട്രെച്ചിന്റെ നിർമാണം നേരത്തേ പൂർത്തിയായിരുന്നു.
ദേശീയപാത വികസനത്തിനായി രാജ്യത്താദ്യമായി ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു. ഇതിനായി സംസ്ഥാന സർക്കാർ ദേശീയപാത അതോറിട്ടിക്ക് 5580.73 കോടി രൂപ കൈമാറി. ദേശീയപാതയ്ക്കായി സംസ്ഥാന സർക്കാർ പണം ചെലവഴിച്ചെങ്കിലും ടോൾ പിരിക്കുന്നതിൽനിന്നുള്ള വിഹിതം സംസ്ഥാനത്തിന് ലഭിക്കില്ല.










0 comments