ദേശീയപാത പരിശോധനയ്‌ക്ക് വിദഗ്‌ധസംഘം ; കൂരിയാട്ട് വയഡക്ട്, കുപ്പത്ത് പുനർനിർമാണം

ഒ വി സുരേഷ്
Published on Jun 04, 2025, 02:48 AM | 2 min read
തിരുവനന്തപുരം
നിർമാണത്തിലുള്ള ദേശീയപാത 66ൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും വിള്ളലുമുണ്ടായ സാഹചര്യത്തിൽ മുഴുവൻ ഭാഗവും പരിശോധിക്കാൻ വിദഗ്‌ധസംഘത്തെ ചുമതലപ്പെടുത്തി. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ നിലവിലെ പരിശോധനയ്‌ക്കു പുറമേയാണിത്. ഇതിനായി പാലക്കാട് ഐഐടിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം മേധാവി പ്രൊഫ. ടി കെ സുധീഷ്, സെന്റർ ഫോർ റോഡ്‌സ് ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. കിഷോർകുമാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അരവിന്ദ് എന്നിവരാണ് സംഘത്തിൽ. ഉടൻ പരിശോധന ആരംഭിക്കും.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവും അംഗം കെ വെങ്കിടരമണയും പങ്കെടുത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. മണ്ണിട്ട് ഉയർത്തിയിടത്ത് ഉയരം കൂടുതലാണെങ്കിൽ വീണ്ടും പരിശോധിക്കും. വെള്ളക്കെട്ടുള്ളിടത്ത് തദ്ദേശസ്ഥാപനങ്ങളുമായി ആലോചിച്ച് അത് ഒഴിവാക്കണം. നിർമാണം നിശ്‌ചിതസമയത്തിനകം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സഹായം നൽകുന്നുണ്ട്. പ്രശ്‌നങ്ങൾ അതത് സമയം പരിഹരിക്കാൻ വകുപ്പ് സെക്രട്ടറി, കലക്ടർതലത്തിൽ ഇടപെടും.
മണ്ണിടിച്ചിലും വിള്ളലുമുണ്ടായ മലപ്പുറത്തെ കൂരിയാട്, കണ്ണൂരിലെ കുപ്പം, കാസർകോട്ടെ ചെറുവത്തൂർ എന്നിവിടങ്ങളിൽ ഡൽഹി ഐഐടിയിലെ പ്രൊഫ. ജി വി റാവു, സാങ്കേതിക വിദഗ്‌ധൻ ജിമ്മി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ട് തയ്യാറാകുന്നതേയുള്ളു.
കൂരിയാട്ട് വയഡക്ട്, കുപ്പത്ത് പുനർനിർമാണം
മലപ്പുറം കൂരിയാട്, കണ്ണൂർ കുപ്പം, കാസർകോട് ചെറുവത്തൂർ എന്നിവിടങ്ങളിൽ നിർമാണത്തിനിടെ തകർന്ന ദേശീയപാതയുടെ ഭാഗങ്ങൾ പൊളിച്ച് നീക്കി പുനർനിർമിക്കും. കൂരിയാട്ട് വയഡക്ടാണ് നിർമിക്കുക. ആറുമാസത്തിനകം പാലം പൂർത്തിയാക്കണമെന്ന് കരാർ ഏടെറ്റടുത്ത കെഎൻആർ കൺസ്‌ട്രക്‌ഷൻ എംഡി കെ നരസിംഹ റെഡ്ഡിക്ക് ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവ് നിർദേശം നൽകി.
കുപ്പത്ത് മണ്ണിടിഞ്ഞഭാഗം പൂർണമായും നീക്കി പുതുക്കിപ്പണിയും. ചെറുവത്തൂരിൽ് മണ്ണിടിഞ്ഞ ഭാഗത്ത് ഇരുമ്പുവല സ്ഥാപിച്ച് അതിനിടയിലൂടെ ഇരുമ്പുദണ്ഡുകൾ കയറ്റി കോൺക്രീറ്റ് ചെയ്‌ത് ഉറപ്പാക്കും. മണ്ണടിച്ചിൽ സാധ്യതയുള്ളിടങ്ങളിൽ ആവശ്യമെങ്കിൽ മണൽനിറച്ച ബാഗ്, പ്ലാസ്‌റ്റിക് ഷീറ്റ് എന്നിവയിട്ട് താൽകാലിക സുരക്ഷയൊരുക്കണം. കൂടിയ ഉയരത്തിൽ റോഡുള്ളിടത്തെ ബാക്കിസ്ഥലം ആവശ്യമെങ്കിൽ ഏറ്റെടുക്കാനുള്ള സാധ്യതയും എൻഎഎച്ച്‌എഐ ആലോചിക്കുന്നതായാണ് വിവരം.
21 റീച്ചുകളായാണ് റോഡ് നിർമാണം. മലബാർ മേഖലയിൽ നല്ല പുരോഗതിയുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ചുമതലയുള്ള തലപ്പാടിമുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്ററിൽ 94.54 ശതമാനം പൂർത്തിയായി. ഊരാളുങ്കൽ ചീഫ് ഓപറേറ്റിങ് ഓഫീസർ അരുൺബാബു യോഗത്തിൽ പങ്കെടുത്തു. ഊരാളുങ്കലിനെ പ്രത്യേകം അഭിനന്ദിച്ച ചെയർമാൻ അവരെ മാതൃകയാക്കാൻ മറ്റു കമ്പനികളോട് ആവശ്യപ്പെട്ടു.









0 comments