ബ്ലോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ കൂടി ; കരട് വിജ്ഞാപനമായി

തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്തുകളിൽ പുതുതായി 187 വാർഡുകൾകൂടി. വാർഡുകളുടെ എണ്ണം ഇതോടെ 2080നിന്ന് 2267 ആകും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചുള്ള കരട് വിജ്ഞാപനം ശനിയാഴ്ച പുറത്തിറങ്ങി. സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചു. 77 ബ്ലോക്കുകളിൽ അധ്യക്ഷസ്ഥാനം വനിതകൾക്കും 15 ബ്ലോക്കുകളിൽ അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനും സംവരണംചെയ്‌തിട്ടുണ്ട്. അതിൽ എട്ടെണ്ണത്തിൽ അധ്യക്ഷസ്ഥാനം വനിതകൾക്കാണ്. പട്ടികവർഗത്തിന് മൂന്ന് ബ്ലോക്കുകളും അതിൽ രണ്ടിടത്ത് വനിതകൾക്കും സംവരണം ചെയ്തു.
കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഏഴു വരെ സമർപ്പിക്കാം. ഡി ലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർക്കോ നേരിട്ടോ രജിസ്‌റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. രേഖകൾ ഹാജരാക്കുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. വിലാസം: സംസ്ഥാന ഡി ലിമിറ്റേഷൻ കമീഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-, 695033. ഫോൺ:0471 -2335030.
ബ്ലോക്ക്പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും കരട് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചു.
തദ്ദേശസ്ഥാപനങ്ങളിലും,കലക്ടറേറ്റുകളിലും https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്കുണ്ട്.









0 comments